ശിരോവസ്ത്ര വിവാദം: കോളജിൽ ദേശീയപതാക ഉയർത്തുന്ന കൊടിമരത്തിൽ കാവിക്കൊടി ഉയർത്തി
text_fieldsബംഗളൂരു: ശിരോവസ്ത്ര വിവാദത്തിൽ കർണാടകയിലെ കാമ്പസുകളിൽ സംഘ് പരിവാർ അനുകൂല വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരങ്ങൾ സംഘർഷങ്ങളിലേക്ക് നീങ്ങി. ശിവമൊഗ്ഗ ഗവ. ഫസ്റ്റ് ഗ്രേഡ് കോളജിലെ ദേശീയപതാക ഉയർത്തുന്ന കൊടിമരത്തിൽ കയറിയ വിദ്യാർഥികൾ കാവിക്കൊടി നാട്ടിയത് സംഘർഷത്തിനും കല്ലേറിനും വഴിവെച്ചു.
നഗരത്തിലെ ബാപ്പുജിനഗറിൽ സ്ഥിതി ചെയ്യുന്ന കോളജിൽ നിന്നുള്ള സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൊടിമരത്തിൽ വിദ്യാർഥി കയറി കാവിക്കൊടി ഉയർത്തുന്നതും താഴെ കൂട്ടംകൂടി നിൽക്കുന്ന നൂറുകണക്കിന് വിദ്യാർഥികൾ ജയ്ശ്രീറാം വിളിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാം.
സംസ്ഥാനത്ത് സംഘർഷാന്തരീക്ഷം ഉടലെടുത്തതോടെ സ്കൂളുകൾക്കും കോളജുകൾക്കും സർക്കാർ മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളും അധ്യാപകരും മാനേജ്മെന്റും കർണാടകയിലെ ജനങ്ങളും വിഷയത്തിൽ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഭ്യർഥിച്ചു.
ശിരോവസ്ത്രം മൗലികാവകാശമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിനികൾ നൽകിയ ഹരജികൾ കർണാടക ഹൈകോടതി പരിഗണിക്കവെയാണ് കാമ്പസുകളിൽ പ്രതിഷേധം കല്ലേറിലും ലാത്തിച്ചാർജിലും കലാശിച്ചത്. കല്ലേറിൽ വിദ്യാർഥികൾക്ക് പരിക്കേറ്റു. ശിവമൊഗ്ഗയിലും ബാഗൽകോട്ടിലും നാലു വിദ്യാർഥികളെ വീതം പൊലീസ് കസ്റ്റഡിയിലെടുത്തു.
മാണ്ഡ്യ പി.ഇ.എസ് കോളജിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥിനിയെ കാവിഷാൾ ധരിച്ച വിദ്യാർഥികൾ വളഞ്ഞ് 'ജയ് ശ്രീറാം' വിളിച്ചതോടെ പെൺകുട്ടി 'അല്ലാഹു അക്ബർ' എന്ന് പ്രതികരിച്ചു. തുടർന്ന് പ്രിൻസിപ്പലും മറ്റ് അധ്യാപകരും ചേർന്ന് വിദ്യാർഥിനിക്ക് സംരക്ഷണം നൽകി ക്ലാസിലേക്ക് മാറ്റി.
ശിവമൊഗ്ഗ ബാപുജി നഗർ ഗവ. പി.യു കോളജ് പരിസരത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ വിദ്യാർഥികൾക്കും പരിക്കേറ്റു. ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥിനികളും കാവിഷാൾ ധരിച്ച വിദ്യാർഥികളും തമ്മിലുള്ള വാക്കേറ്റം കല്ലേറിൽ കലാശിക്കുകയായിരുന്നു. മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. സംഘർഷത്തെ തുടർന്ന് ശിവമൊഗ്ഗ നഗരപരിധിയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ബാഗൽകോട്ട് ബനഹട്ടി ഗവ. പി.യു കോളജിൽ വിദ്യാർഥികൾ തമ്മിലെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. വിദ്യാർഥികൾ ചേരി തിരിഞ്ഞ് കല്ലെറിഞ്ഞു. സംഘർഷം വ്യാപിച്ചതോടെ പൊലീസ് ലാത്തിവീശി. കോളജിന് ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഉഡുപ്പി എം.ജി.എം കോളജിൽ നൂറോളം വിദ്യാർഥികൾ കാവി തലപ്പാവും ഷാളും അണിഞ്ഞെത്തി മുസ്ലിം വിദ്യാർഥികളുമായി വാക്കേറ്റമുണ്ടായി.
കാമ്പസ് സംഘർഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. കോളജിന് അധികൃതർ അവധി പ്രഖ്യാപിച്ചു. ചിക്കമഗളൂരു ഐ.ഡി.എസ്.ജി കോളജിലും സംഘർഷാവസ്ഥയുണ്ടായി. വിജയപുര ജില്ലയിലെ ഇന്ദി ശാന്തേശ്വർ പി.യു കോളജിൽ ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനികളെയും കാവിഷാൾ ധരിച്ചവരെയും കോളജ് ഗേറ്റിൽ അധികൃതർ തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.