ഹിജാബ് വിലക്ക്; ഹരജികളിൽ ഇന്ന് വിധി
text_fieldsന്യൂഡൽഹി: കർണാടകയിലെ ഹിജാബ് വിലക്കിനെതിരായ ഹരജികളിൽ സുപ്രീംകോടതി വ്യാഴാഴ്ച വിധിപറയും. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറയുക. ഹരജികളിൽ സെപ്റ്റംബർ 22നാണ് കോടതി വാദം പൂർത്തിയാക്കിയത്.
2021 ഡിസംബർ 27ന് ഉഡുപ്പി സർക്കാർ പിയു കോളജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തിയ വിദ്യാർഥിനികളെ പുറത്താക്കിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. അടുത്ത ദിവസങ്ങളിലും ഹിജാബ് ധരിച്ച് എത്തിയ വിദ്യാർഥികളെ ക്ലാസില്‍ കയറ്റിയില്ല. ഇതോടെ 2022 ജനുവരി 1ന് വിദ്യാർഥികൾ പരസ്യ പ്രതിഷേധത്തിലേക്ക് കടന്നു. ജനുവരി 3ന് ചിക്കമംഗ്ലൂരു സർക്കാർ കോളജിലും ഹിജാബ് ധരിച്ച് എത്തിയവരെ പ്രിൻസിപ്പളിന്‍റെ നേതൃത്വത്തിൽ പ്രധാന കവാടത്തിൽ തടഞ്ഞു. ഇതോടെ കർണാടകയിൽ പ്രതിഷേധം ശക്തമായി.
ഇതിനിടെ സംഘപരിവാർ വിദ്യാർഥി സംഘടനാ നേതാക്കൾ കാവി ഷാള്‍ ധരിച്ച് കോളജുകളിലെത്തി ഹിജാബിനെതിരെ പ്രതിഷേധം തുടങ്ങി. ഈ പ്രതിഷേധവും വളരെ പെട്ടെന്ന് മറ്റു കോളജുകളിലേക്ക് പടർന്നു. ജനുവരി 14ന് ഹിജാബ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കർണാടക സര്‍ക്കാര്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കേണ്ടെന്ന് ഈ സമിതി സര്‍ക്കാരിന് ശിപാര്‍ശ ചെയ്തു.
ഫെബ്രുവരി 5ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ട് കർണാകയിലെ ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന് മുൻപ് ജനുവരി 31ന് ഹിജാബ് വിഷയത്തില്‍ ഉഡുപ്പിയിലെ ആറ് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് വിശാല ബെഞ്ചിന് കൈമാറി. അന്തിമ ഉത്തരവ് വരുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ നിരോധിച്ചുള്ള നടപടി തുടരാൻ ഹൈക്കോടതി വിശാല ബെഞ്ച് നിര്‍ദേശിച്ചു. കേസിൽ 11 ദിവസം വാദം നീണ്ടു നിന്നു. മാർച്ച് 15ന് ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കി. വിധിക്ക് എതിരെ നിരവധി സംഘടനകൾ സുപ്രിംകോടതിയെ സമീപിച്ചു. സെപ്തംബർ 5ന് സുപ്രിംകോടതി ഹരജികള്‍ പരിഗണിച്ചു. 10 ദിവസം നീണ്ട വാദംകേള്‍ക്കലിന് ഒടുവിൽ വിധി പറയാന്‍ മാറ്റിവെച്ച കേസിലാണ് ഇന്ന് സുപ്രിംകോടതി വിധി പറയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.