ക്രൈസ്തവ പ്രാർഥനാലയത്തിൽ മതപരിവർത്തനമെന്ന് സംഘ്പരിവാർ ആരോപണം; പൊലീസ് റെയ്ഡ് നടത്തി
text_fieldsബംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ക്രിസ്ത്യൻ പ്രാർത്ഥനാ ഹാളിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന സംഘ്പരിവാർ സംഘടനയുടെ പരാതിയെ തുടർന്ന് പൊലീസ് റെയ്ഡ് നടത്തി. ദക്ഷിണ കന്നഡയിലെ കൊണാലുവിൽ മോറിയ റിട്രീറ്റ് സെന്ററിലാണ് പരിശോധന നടന്നത്.
നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച് സംഘ്പരിവാർ സംഘടനയായ ഹിന്ദു ജാഗരണ വേദികെ പരാതി നൽകിയതിനു പിന്നാലെയായിരുന്നു പൊലീസ് നടപടി. ശനിയാഴ്ച രാത്രി 27 പേർ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് പൊലീസ് സംഘം ഇവിടെ എത്തിയത്.
എന്നാൽ, ഹിന്ദു ജാഗരണ വേദികെ ആരോപിച്ചത് പോലെയല്ല കാര്യങ്ങളെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഋഷികേശ് സോനവാനെ പറഞ്ഞു. ശിവമോഗ ജില്ലയിലെ ശിക്കാരിപുരയിൽ നിന്നുള്ളവരാണ് യോഗത്തിൽ പങ്കെടുത്തിരുന്നതെന്നും അവർ സ്വമേധയാ ഒത്തുകൂടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, 27 പേരെയും അവരുടെ വീടുകളിലേക്ക് തിരിച്ചയച്ചതായും മോറിയ റിട്രീറ്റ് സെന്ററിനെതിരെ പൊലീസ് കേസെടുത്തിട്ടില്ലെന്നും സോനവാനെ പറഞ്ഞു. വ്യാജ പരാതി ഉന്നയിച്ചതിന് ഹിന്ദുത്വ സംഘടനക്കെതിരെ ഒരു നടപടിയും പ്രാർഥനാലയം അധികൃതർ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഹിന്ദു ജാഗരണ വേദികെ അടക്കമുള്ള തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി ക്രിസ്ത്യൻ പള്ളികളും പ്രാർത്ഥനാ ഹാളുകളും ആക്രമിച്ചിരുന്നു. നവംബർ 29 ന് ഹാസൻ ജില്ലയിലെ ബേലൂരിൽ ജീസസ് പ്രെയർ ഹാളിൽ 20ഓളം ബജ്‌റംഗ്ദളുകാർ പ്രാർത്ഥനാ യോഗം തടസ്സപ്പെടുത്തിയിരുന്നു. അക്രമികൾ പ്രാർത്ഥനാ ഹാളിലേക്ക് കടക്കുന്നത് യോഗത്തിൽ പങ്കെടുത്ത ചിലർ തടഞ്ഞതോടെ പോലീസ് സ്ഥലത്തെത്തി യോഗം പിരിച്ചുവിടുകയായിരുന്നു.
സെപ്തംബറിൽ ഉഡുപ്പി ജില്ലയിലെ കുക്കുണ്ടൂർ ഗ്രാമത്തിൽ ഹിന്ദു ജാഗരണ വേദികെ അംഗങ്ങൾ ഒരു ക്രിസ്ത്യൻ പ്രാർത്ഥനാ ഹാളിലേക്ക് അതിക്രമിച്ച് കയറുകയും വിശ്വാസികളെ ആക്രമിക്കുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.