മൈസുരു കൂട്ടബലാത്സംഗം: പെൺകുട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു
text_fieldsബംഗളുരു: മൈസൂരു കൂട്ടബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള കർണാടക ആഭ്യന്തര മന്ത്രി എം. അരഗ ജ്ഞാനേന്ദ്രയുടെ പ്രസ്താവന വിവാദമാകുന്നു. കുറ്റവാളികളെ ഇതുവരെ പൊലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതിനിടെ ആഭ്യന്തര മന്ത്രി തന്നെ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുകയും ഇരയെ അപമാനിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രസ്താവനയുമായി രംഗത്തെത്തിയതാണ് പ്രതിപക്ഷത്തേയും സാമൂഹ്യ പ്രവർത്തകരേയും ചൊടിപ്പിച്ചത്.
'ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും പോയത് എന്തിന്?', 'രാത്രി സമയത്ത് അവിടെ പോയതാണ് പ്രശ്നം' എന്നീ പ്രസ്താവനകളാണ് വിവാദമായത്.
കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസ് രാഷ്ട്രീയനേട്ടത്തിന് ശ്രമിക്കുകയാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. കോൺഗ്രസ് ആഭ്യന്തരമന്ത്രിയെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. 'പെൺകുട്ടിയും സുഹൃത്തും ഒറ്റപ്പെട്ട സ്ഥലത്ത് ഇരിക്കാൻ പാടില്ലായിരുന്നു', 'ഇരുവരും തന്നെയാണ് പ്രശ്നങ്ങൾക്ക് കാരണക്കാർ' എന്നും അദ്ദേഹം പറഞ്ഞു.
'സ്ഥലത്ത് പട്രോളിങ് ഏർപ്പെടുത്താതിന് പൊലീസിനെയാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്. അതൊരു ഒറ്റപ്പെട്ട സ്ഥലമായിരുന്നു. ആർക്കും ആരേയും എവിടേക്ക് പോകുന്നതിനെയും തടയാൻ കഴിയില്ല. എന്നാൽ ആ സ്ഥലത്ത് അവർ പോകരുതായിരുന്നു'- എന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയ വിദ്യാഥിനിയെ ആറംഗസംഘം ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി. പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.