കർണാടകയിൽ വകുപ്പുകളായി; സിദ്ധരാമയ്യക്ക് ധനകാര്യം, ശിവകുമാറിന് ജലസേചനം
text_fieldsബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ നയിക്കുന്ന കോൺഗ്രസ് സർക്കാറിൽ 24 മന്ത്രിമാർ കൂടി ചുമതലയേറ്റു. ശനിയാഴ്ച രാവിലെ 11.45ന് രാജ്ഭവനിൽ ഗവർണർ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. മേയ് 20ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർക്കൊപ്പം എട്ടു മന്ത്രിമാർ ചുമതലയേറ്റിരുന്നു. ഇതോടെ 34 അംഗ മന്ത്രിസഭ പൂർണമായി.
മന്ത്രിമാരുടെ വകുപ്പുകളിലും ശനിയാഴ്ച തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് അടക്കം അഞ്ചു വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ജലസേചനവും ബംഗളൂരു നഗരവികസനവും കൈകാര്യം ചെയ്യും. മുൻ ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വരക്ക് ആഭ്യന്തരവും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെക്ക് ഗ്രാമീണ വികസന- പഞ്ചായത്തീരാജും നൽകി.
മലയാളിയായ കെ.ജെ. ജോർജിന് ഊർജമാണ് വകുപ്പ്. എം.ബി. പാട്ടീൽ- വ്യവസായം, കൃഷ്ണബൈരെഗൗഡ- റവന്യൂ, സമീർ അഹമ്മദ് ഖാൻ-ഭവന- വഖഫ്- ന്യൂനപക്ഷം എന്നിങ്ങനെയും നൽകി. ഏക വനിത മന്ത്രിയായ ബെളഗാവി റൂറലിൽനിന്നുള്ള ലക്ഷ്മി ഹെബ്ബാൾക്കറിന് വനിത- ശിശുക്ഷേമ വകുപ്പ് നൽകി. ഇവർ അടക്കം എട്ടുപേർ നവാഗതരാണ്. 26 പേർ മുൻ മന്ത്രിമാരാണ്. ലിംഗായത് വിഭാഗത്തിൽനിന്ന് ഏഴും എസ്.സി, എസ്.ടി വിഭാഗങ്ങളിൽനിന്ന് എട്ടും വൊക്കലിഗരിൽനിന്ന് നാലും പേർ മന്ത്രിമാരായി. മന്ത്രിപ്പട്ടികയിലുള്ള ബൊസെ രാജു നിയമനിർമാണ കൗൺസിൽ അംഗമാണ്. മുസ്ലിം വിഭാഗത്തിൽനിന്ന് സിദ്ധരാമയ്യയുടെ വലംകൈയായ സമീർ അഹമ്മദ് ഖാന് പുറമെ ബിദർ നോർത്തിൽനിന്നുള്ള റഹീം ഖാനും മന്ത്രിയാവുകയും യു.ടി. ഖാദർ സ്പീക്കറാവുകയും ചെയ്തതോടെ മലയാളിയായ എൻ.എ. ഹാരിസ് പട്ടികയിൽനിന്ന് പുറത്തായി.
എച്ച്.കെ. പാട്ടീൽ, കൃഷ്ണ ബൈരെ ഗൗഡ, എൻ. ചലുവരായ സ്വാമി, കെ. വെങ്കടേശ്, ഡോ. എച്ച്.സി. മഹാദേവപ്പ, ഈശ്വർ ഖണ്ഡ്രെ, കെ.എൻ. രാജണ്ണ, ദിനേശ് ഗുണ്ടുറാവു, ശരണബസപ്പ ദർശനാപൂർ, ശിവാനന്ദ് പാട്ടീൽ, തിമ്മാപൂർ രാമപ്പ ബാലപ്പ, എസ്.എസ്. മല്ലികാർജുൻ, ടി. ശിവരാജ് സംഗപ്പ, ഡോ. ശരൺപ്രകാശ് രുദ്രപ്പ പാട്ടീൽ, മംഗൾ വൈദ്യ, ലക്ഷ്മി ആർ. ഹെബ്ബാൾക്കർ, റഹിംഖാൻ, ഡി. സുധാകർ, സന്തോഷ് എസ്. ലാഡ്, എൻ.എസ്. ബോസെരാജു, ബൈരതി സുരേഷ്, മധു ബംഗാരപ്പ, ഡോ. എം.സി. സുധാകർ, ബി. നാഗേന്ദ്ര എന്നിവരാണ് പുതിയ മന്ത്രിമാർ. ഡോ. ജി. പരമേശ്വര, കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോർജ്, എം.ബി. പാട്ടീൽ, സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, സമീർ അഹമ്മദ് ഖാൻ എന്നിവർ മേയ് 20ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഹാവേരി, കുടക്, ചാമരാജ് നഗർ ജില്ലകളിൽനിന്ന് മന്ത്രിമാരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.