കർണാടക: പള്ളികളിൽ ഉച്ചഭാഷിണിക്ക് അനുമതി നൽകുന്ന നടപടിക്രമങ്ങൾ സർക്കാർ അറിയിക്കണം
text_fieldsബംഗളൂരു: കർണാടകയിൽ മുസ്‍ലിംപള്ളികൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്ന വിഷയത്തിൽ ബന്ധപ്പെട്ട നടപടിക്രമങ്ങൾ അറിയിക്കണമെന്ന് ഹൈകോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. ഉച്ചഭാഷിണി ഉപയോഗിക്കാൻ പൊലീസ് സ്ഥിരം അനുമതി നൽകുന്നത് നിയമം ലംഘിച്ചാണ് എന്നാരോപിച്ച് ലഭിച്ച ഒരുകൂട്ടം പരാതികളിലെ വാദം കേൾക്കലിലാണ് ജസ്റ്റിസ് റിതു രാജ് അശ്വതി, ജസ്റ്റിസ് അശോക് എസ്. കൈനഗി എന്നിവരടങ്ങിയ ബെഞ്ച് സർക്കാറിന് നിർദേശം നൽകിയത്. ശബ്ദമലിനീകരണ നിയന്ത്രണ നിയമം നടപ്പാക്കാൻ എടുത്ത നടപടികൾ സംബന്ധിച്ചും അറിയിക്കണം.
ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി നൽകുന്നത് ആര്, വകുപ്പുകൾ ഏവ, നിയമാനുസൃതമല്ലാത്ത ഉച്ചഭാഷിണികൾ കണ്ടെത്തുന്നതിന് സ്വീകരിച്ച നടപടികൾ എന്ത് എന്നിവ സംബന്ധിച്ച് അടുത്ത വാദം കേൾക്കലിനു മുമ്പേ സർക്കാർ മറുപടി നൽകണം.
ശബ്ദമലിനീകരണ നിയന്ത്രണനിയമത്തിന്റെ ലംഘനമാണ് ഉച്ചഭാഷിണികളുടെ ഉപയോഗമെന്ന സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് കോടതി നിർേദശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. സർക്കാറുമായി ചേർന്ന് ഇത് ചെയ്യാമെന്നും ബോർഡ് സ്വന്തംനിലക്ക് തീരുമാനമെടുക്കരുതെന്നും കോടതി പറഞ്ഞു. അടുത്തയാഴ്ച കേസ് വീണ്ടും പട്ടികയിൽ ഉൾെപ്പടുത്തും. മതകാര്യ (ഔഖാഫ്) ബോർഡിന്റെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ ലൗഡ്സ്പീക്കർ ഉപയോഗിക്കുന്നത് എന്ന് എതിർകക്ഷികളായ 16 മുസ്‍ലിം പള്ളി അധികൃതർ കഴിഞ്ഞ വാദംകേൾക്കലിൽ പറഞ്ഞിരുന്നു. എന്നാൽ, ഇത്തരമൊരു അനുമതി നൽകാൻ ഔഖാഫ് ബോർഡിന് അധികാരമില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.