കർണാടക-മഹാരാഷ്ട്ര അതിർത്തിയിലെ സംഘർഷം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന്
text_fieldsമുംബൈ: ആറു പതിറ്റാണ്ടിലേറെ നീണ്ട കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കം സംഘർഷമായി മാറിയതിനു പിന്നിൽ രാഷ്ട്രീയ മുതലെടുപ്പെന്ന് ആക്ഷേപം. കർണാടക നിയമസഭ തെരഞ്ഞെടുപ്പും മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് 'സംഘർഷം'. തർക്കം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നിരിക്കെ അപ്രതീക്ഷിതമായാണ് സംഘർഷമുണ്ടായത്. കർണാടക് രക്ഷക് വേദികെ പ്രവർത്തകർ ബെളഗാവിയിൽ മഹാരാഷ്ട്ര വാഹനങ്ങളെയും അതിന് പ്രതികാരമായി മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ പക്ഷ ശിവസേന കർണാടക വാഹനങ്ങളെയും ആക്രമിക്കുകയായിരുന്നു.
1960 മേയ് ഒന്നിന് മഹാരാഷ്ട്ര പിറവി മുതലുള്ളതാണ് തർക്കം. ബെൽഗാം, കാർവാർ അടക്കം കർണാടകയിലെ മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങളിൽ മഹാരാഷ്ട്ര അവകാശമുന്നയിച്ചു. തർക്കപരിഹാരത്തിന് അന്നത്തെ ചീഫ് ജസ്റ്റിസ് മെഹർ ചന്ദ് മഹാജന്റെ നേതൃത്വത്തിൽ 1966ൽ കേന്ദ്ര സർക്കാർ നിയോഗിച്ച കമീഷൻ കർണാടകയിലെ 264 ഗ്രാമങ്ങൾ മഹാരാഷ്ട്രക്കും മഹാരാഷ്ട്രയിലെ സോലാപുർ അടക്കം 247 ഗ്രാമങ്ങൾ കർണാടകക്കും നൽകാനാണ് ശിപാർശചെയ്തത്. ബെൽഗാം മഹാരാഷ്ട്രക്ക് നൽകേണ്ടെന്നും വ്യക്തമാക്കി. കമീഷൻ റിപ്പോർട്ട് മഹാരാഷ്ട്ര തള്ളി. തർക്കം മുറുകിയതോടെ ബെൽഗാമിന്റെ പേര് കർണാടക ബെളഗാവി എന്നാക്കിമാറ്റി. 2004 ലാണ് ഇരു സംസ്ഥാനവും സുപ്രീംകോടതിയെ സമീപിച്ചത്.
നിയമ നടപടികളുടെ മേൽനോട്ടത്തിനും ബെളഗാവി സന്ദർശനത്തിനുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീൽ, ശംഭുരാജ് ദേശായി എന്നിവരെ ഈയിടെ നിയോഗിക്കുകയും കർണാടകയിലെ മറാത്തി ഗ്രാമങ്ങളിലുള്ള സ്വാതന്ത്ര്യ സമര സേനാനികൾക്ക് പെൻഷനും സൗജന്യ വൈദ്യ ചികിത്സസയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മറുപടിയായി സോലാപുർ അടക്കമുള്ള നഗരങ്ങളിൽ അവകാശവാദമുന്നയിച്ചും മഹാരാഷ്ട്രയിലെ കന്നട മീഡീയം സ്കൂളുകൾക്ക് ധനസഹായം പ്രഖ്യാപിച്ചും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും രംഗത്തുവന്നു. ഇതോടെയാണ് തർക്കം വീണ്ടും സജീവമായി തെരുവിൽ സംഘർഷത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.