ഗോവധ നിരോധന നിയമം: കർണാടകയിൽ ആദ്യ അറസ്റ്റ്
text_fieldsബംഗളൂരു: കർണാടകയിൽ ഗോവധ നിരോധന-കന്നുകാലി സംരക്ഷണ നിയമപ്രകാരം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ചിക്കമഗളൂരു ശൃംഗേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കന്നുകാലികളെ കടത്തിയ വാഹനത്തിെൻറ ഡ്രൈവർ ദാവൻകെര സ്വദേശി ആബിദലിയാണ് അറസ്റ്റിലായത്. ജനുവരി എട്ടിന് പുലർച്ച ദാവൻകരെയിൽനിന്ന് മംഗളൂരുവിലേക്ക് കന്നുകാലികളുമായി പോവുന്ന വാഹനം ഗോസംരക്ഷകർ തടഞ്ഞ് ആബിദലിയെ മർദിച്ചിരുന്നു.
കൂടെയുണ്ടായിരുന്ന മറ്റൊരു ലോറിയുടെ ഡ്രൈവറും ക്ലീനറും ഒാടിരക്ഷെപ്പട്ടു. മൂവർക്കുമെതിരെ കർണാടക ഗോവധ നിരോധന- കന്നുകാലി സംരക്ഷണ നിയമപ്രകാരം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി ചിക്കമഗളൂരു എസ്.പി ഹക്കായ് അക്ഷയ് മചീന്ദ്ര പറഞ്ഞു. പുതിയ നിയമപ്രകാരമാണ് കേസെടുത്തതെന്ന് എസ്.പി അറിയിെച്ചങ്കിലും ആബിദലിക്കെതിരെ 1964 ലെ കർണാടക ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തെന്നാണ് എഫ്.െഎ.ആറിൽ രേഖപ്പെടുത്തിയത്. ഇക്കാര്യത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. ഡ്രൈവറെ മർദിച്ചതിന് അജ്ഞാതരായ നാലംഗസംഘത്തിനെതിെരയും കേെസടുത്തു.
ജനുവരി അഞ്ചിനാണ് ഗോവധ നിരോധന ഒാർഡിനൻസിന് ഗവർണർ അനുമതി നൽകിയത്. ജനുവരി എട്ടിന് രാവിലെ ശൃംഗേരി ബേഗുർ ചെക് പോസ്റ്റിൽനിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന പൊലീസുകാരൻ 15ഒാളം കന്നുകാലികളുമായി റോഡരികിൽ നിർത്തിയ ആബിദലിയുടെ വാഹനം കണ്ടെന്നാണ് എഫ്.െഎ.ആറിൽ പറയുന്നത്. അജ്ഞാതരായ നാലംഗ സംഘം മാരുതി കാറിലെത്തി വാഹനംതടഞ്ഞ് തന്നെ മർദിച്ച് പരിക്കേൽപിച്ചതായും കൂടെയുണ്ടായിരുന്ന മറ്റൊരു ലോറിയിലെ ഡ്രൈവറും ക്ലീനറും ഒാടിരക്ഷപ്പെട്ടതായും ആബിദലി മൊഴി നൽകി. കൈയെല്ല് പൊട്ടിയതടക്കമുള്ള പരിക്കുകളോടെ യുവാവിനെ ആംബുലൻസിൽ ശൃംഗേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
യുവാവിെൻറ വാഹനം തടഞ്ഞ് മർദിച്ച 'അജ്ഞാതരായ' നാലുപേർക്കെതിരെ മർദനക്കേസ് രജിസ്റ്റർ ചെയ്തു. ഗോസംരക്ഷകർക്ക് നിയമസംരക്ഷണം നൽകുന്നതാണ് കർണാടകയിലെ ഗോവധ നിരോധന നിയമം. വാഹനം തടഞ്ഞവർക്കെതിരെയാണ് കേസെടുത്തതെന്ന് ശൃംഗേരി പൊലീസ് ഇതുസംബന്ധിച്ച് പ്രതികരിച്ചു.
ഗോവധ നിരോധന- കന്നുകാലി സംരക്ഷണ ഭേദഗതി നിയമപ്രകാരം പശു, പശുക്കിടാവ്, കാള, 13 വയസ്സിൽ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതും വിൽക്കുന്നതിനുമാണ് നിരോധനം. കന്നുകാലികളെ കടത്തുന്നതും നിരോധന പരിധിയിൽ വരും. നിയമം ലംഘിക്കുന്നവർക്ക് മൂന്നു മുതൽ ഏഴു വർഷം വരെ തടവും അരലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. അതേസമയം, ഗോവധ നിരോധനത്തിനെതിരായ ഹരജിയിൽ ചൊവ്വാഴ്ച കർണാടക ഹൈകോടതി സർക്കാറിന് നോട്ടീസ് അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.