കർണാടക മന്ത്രിയെ ‘പെൺകെണി’യിൽ കുടുക്കാൻ ശ്രമം; 48 പേരുടെ അശ്ലീല വിഡിയോ നിർമ്മിച്ചതായി വിവരം ലഭിച്ചെന്ന് മന്ത്രിയുടെ വെളിപ്പെടുത്തൽ
text_fieldsബംഗളൂരു: കർണാടക സർക്കാരിലെ ഒരു മന്ത്രിയെ ഹണിട്രാപ്പിൽ കുടുക്കാൻ രണ്ട് തവണ ശ്രമിച്ചതായി പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി വെളിപ്പെടുത്തി. മന്ത്രിയോട് ഔദ്യോഗികമായി പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
ഹണിട്രാപ്പിൽ കുടുങ്ങിയതായി ആരോപിക്കപ്പെടുന്ന മന്ത്രിയെ സർക്കാർ പിന്തുണക്കും. കേസിൽ ഔദ്യോഗികമായി അന്വേഷണം നടത്തുന്നതിനും ഈ വിഷയത്തിൽ കുറ്റവാളികളെ കണ്ടെത്തുന്നതിനും പൊലീസിൽ പരാതി ഫയൽ ചെയ്യാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സംഭവം ചിലർ മുതലെടുക്കുന്നതിൽ ജാർക്കിഹോളി അതൃപ്തി പ്രകടിപ്പിച്ചു. ഹണിട്രാപ്പ് സംഭവങ്ങൾ തടയേണ്ടത് ആവശ്യമാണ്. മറ്റു പാർട്ടികളുടെ നേതാക്കളും നേരത്തെ ഇത്തരം വലകളിൽ കുടുങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തനങ്ങൾ നിർത്തലാക്കാൻ അടിയന്തര നടപടി ആവശ്യമുള്ളതിനാൽ താൻ മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും സംസാരിച്ചു.
‘ഹണി ട്രാപ്പ്’ കേസുകളിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുമെന്ന് ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര വ്യാഴാഴ്ച പറഞ്ഞു. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്.
‘നമ്മുടെ അംഗങ്ങളുടെ അന്തസ്സ് രക്ഷിക്കണമെങ്കിൽ, ഇത്തരം സംഭവങ്ങൾക്ക് തടയിടണം. അതൊരു ഗുരുതര പ്രശ്നമാണ്’ -ആഭ്യന്തരമന്ത്രി നിയമസഭയിൽ പറഞ്ഞു.
കുറഞ്ഞത് 48 പേരെയെങ്കിലും "ഹണിട്രാപ്പിൽ" കുടുക്കിയിട്ടുണ്ടെന്നും അവരുടെ അശ്ലീല വിഡിയോകൾ നിർമ്മിച്ചിട്ടുണ്ടെന്നും തനിക്ക് മനസ്സിലായതായി കർണാടക സഹകരണ മന്ത്രി കെ.എൻ. രാജണ്ണ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ബ്ലാക്ക് മെയിൽ ചെയ്ത് അവസാനിപ്പിക്കുന്ന പ്രവണത ആരംഭിച്ചിട്ടുണ്ടെന്ന് ബജറ്റ് ചർച്ചക്കിടെ ബി.ജെ.പി നിയമസഭാംഗം ബസനഗൗഡ പാട്ടീൽ യത്നാൽ പറഞ്ഞു.
എതിരാളികളെ നയങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും തോൽപ്പിക്കാൻ കഴിയാത്ത ആളുകൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി ബ്ലാക്ക് മെയിലിങ് നടത്തുന്നുണ്ടെന്ന് ബി.ജെ.പി എം.എൽ.എ വി. സുനിൽ കുമാർ പറഞ്ഞു. തന്നെ ബലാത്സംഗ കേസിൽ തെറ്റായി കുടുക്കിയതാണെന്ന് ആരോപിച്ച ബി.ജെ.പി എം.എൽ.എ മുനിരത്ന, തന്റെ കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ) കൈമാറണമെന്ന് ആവശ്യപ്പെട്ടു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.