പ്രജ്വൽ രേവണ്ണയെ ശ്രീകൃഷ്ണനോട് ഉപമിച്ച് വെട്ടിലായി കർണാടക മന്ത്രി; രാജിവെക്കണമെന്ന് ബി.ജെ.പി
text_fieldsബംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രതിചേർക്കപ്പെടുകയും നിരവധി അശ്ലീല വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുകയും ചെയ്തതിനെ തുടർന്ന് ജർമനിയിലേക്ക് കടന്ന ഹാസനിലെ എൻ.ഡി.എ സ്ഥാനാർഥിയും നിലവിലെ ജെ.ഡി.എസ് എം.പിയുമായ പ്രജ്വൽ രേവണ്ണയെ ഭഗവാൻ ശ്രീകൃഷ്ണനോടുപമിച്ച് വെട്ടിലായി കർണാടക മന്ത്രി. എക്സൈസ് മന്ത്രി രാമപ്പ തിമ്മപ്പൂർ ആണ് വിജയപുരയിൽ നടന്ന പൊതുയോഗത്തിൽ വിവാദ പരാമർശം നടത്തിയത്. പ്രസംഗത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രജ്വലിന് ഗിന്നസ് റെക്കോഡ് ലഭിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. അതേസമയം, ഭഗവാൻ കൃഷ്ണനെ അപമാനിച്ച മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി.
‘എം.ബി പാട്ടീൽ പറഞ്ഞതുപോലെ, ഈ പെൻഡ്രൈവ് പ്രശ്‌നത്തോളം മോശമായ മറ്റൊന്നും രാജ്യത്തുണ്ടായിട്ടില്ല. ഇത് ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചേക്കും. ശ്രീകൃഷ്ണൻ ഭക്തിയോടെ ഒന്നിലധികം സ്ത്രീകളോടൊപ്പം ജീവിച്ചു. പ്രജ്വലിന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. അവൻ ആ റെക്കോഡ് തകർക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ ഊഹിക്കുന്നു’ -എന്നിങ്ങനെയായിരുന്നു രാമപ്പയുടെ പ്രസംഗം.
പ്രസംഗം വൈറലായതോടെയാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയത്. കർണാടക സർക്കാരിലെ കോൺഗ്രസ് നേതാവ് ശ്രീകൃഷ്ണനെ അപമാനിച്ചെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും ഉടൻ പുറത്താക്കണമെന്നും അതുണ്ടായില്ലെങ്കിൽ പ്രതിഷേധത്തിനിറങ്ങുമെന്നും ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ സി.ടി രവി പറഞ്ഞു.
അതേസമയം, മന്ത്രിയുടെ പ്രസ്താവനയെ അപലപിക്കുന്നതായും ഇത് പാർട്ടിയുടെ നിലപാടല്ലെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് പറഞ്ഞു. രേവണ്ണ ഒരു രാക്ഷസനാണെന്നും അവർ കൂട്ടിച്ചേർത്തു.
നൂറുകണക്കിന് സ്ത്രീകൾ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമത്തിനിരയായിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ പ്രജ്വലിന്റെ 2976 വിഡിയോകളുണ്ടെന്ന് നേരത്തെ ബി.ജെ.പി നേതാവ് ദേവരാജ ഗൗഡ പാർട്ടി സംസ്ഥാന പ്രസിഡന്റിനയച്ച കത്ത് കോൺഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
പ്രജ്വലിന്റെ മുൻ ഡ്രൈവറാണ് വിഡിയോകൾ പുറത്തുവിട്ടതെന്നാണ് റിപ്പോർട്ട്. വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ മുൻ വീട്ടുജോലിക്കാരി പ്രജ്വലിനും പിതാവ് രേവണ്ണക്കുമെതിരെ ലൈംഗികാതിക്രമ പരാതി നൽകിയിരുന്നു. കർണാടകയിൽ തങ്ങളുടെ സഖ്യകക്ഷിയായ ജെ.ഡി.എസിന്റെ എം.പിയെ കുറിച്ച് പാർട്ടി നേതാവ് മുന്നറിയിപ്പ് നൽകിയിട്ടും ബി.ജെ.പി മൗനം പാലിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രജ്വലിനൊപ്പം വേദി പങ്കിട്ടതും ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.