കർണാടക: ഭൂരിപക്ഷമില്ലെങ്കിലും ബി.ജെ.പി സർക്കാറുണ്ടാക്കും; എങ്ങനെ എന്ത് എന്ന് ചോദിക്കരുത് -റവന്യൂ മന്ത്രി ആർ. അശോക്
text_fieldsബംഗളൂരു: കർണാടകയിൽ നാളെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ, തങ്ങൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായില്ലെങ്കിലും സർക്കാർ രൂപവത്കരിക്കുമെന്ന് ബി.ജെ.പി നേതാവും സംസ്ഥാന റവന്യൂ മന്ത്രിയുമായ ആർ. അശോക്. "സർക്കാർ രൂപവത്കരണമാണ് ഞങ്ങളുടെ ലക്ഷ്യം... എങ്ങനെ, എന്ത് എന്നൊന്നും ചോദിക്കരുത്. ഞങ്ങൾ തീർച്ചയായും വിജയിക്കുകയും ഭൂരിപക്ഷം നേടുകയും ചെയ്യും. ഭൂരിപക്ഷം കിട്ടാതെ തൂക്കുസഭയാണെങ്കിലും ഞങ്ങൾ സർക്കാർ രൂപവത്കരിക്കും” -അശോക് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കർണാടകയിൽ ബി.ജെ.പി സർക്കാർ വരുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് അശോക് കൂട്ടിച്ചേർത്തു. “ഞങ്ങൾ സർക്കാർ രൂപവത്കരിക്കും. ഇനി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ പോലും അവർക്ക് ഭൂരിപക്ഷം ലഭിക്കില്ല. അതിനാൽ ബാക്കിയുള്ള എംഎൽഎമാരുടെയും കേന്ദ്രസർക്കാറിന്റെയും സഹായത്തോടെ ബി.ജെ.പി ഭരണത്തലേറും’ - അദ്ദേഹം പറഞ്ഞു.
‘ബിജെപിക്ക് മാത്രമേ സ്ഥിരതയുള്ള സർക്കാർ നൽകാൻ കഴിയൂ എന്ന് എല്ലാ എം.എൽ.എമാർക്കും അറിയാം. കാരണം, 2018 ൽ രൂപീകരിച്ച കോൺഗ്രസ്-ജെഡി (എസ്) സർക്കാർ ഒരു വർഷത്തിനുള്ളിൽ തകർന്നു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്നതിൽ ആർക്കും സംശയമില്ല. അതുപോലെ, കർണാടകയിൽ സ്ഥിരതയുള്ള സർക്കാർ ഉറപ്പാക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന കാര്യത്തിലും എല്ലാ ജനപ്രതിനിധികൾക്കും സംശയമില്ല. ഇത് ഞങ്ങൾക്ക് ഒരു പ്ലസ് പോയിന്റായിരിക്കും” അദ്ദേഹം പറഞ്ഞു.
ആറ് തവണ എംഎൽഎയായ അശോക്, തന്റെ തട്ടകമായ പത്മനാഭനഗറിന് പുറമെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ കോട്ടയായ കനകപുരയിലും ഇത്തവണ മത്സരിക്കുന്നുണ്ട്. ബി.ജെ.പി ആദ്യമായി കർണാടകയിൽ അധികാരത്തിലെത്തിയ 2008-2013 കാലത്ത് അശോകും കെ.എസ്. ഈശ്വരപ്പയും ഉപമുഖ്യമന്ത്രിമാരായിരുന്നു. ആഭ്യന്തരം, ഗതാഗതം, ആരോഗ്യം, കുടുംബക്ഷേമം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
അതേസമയം, ഭൂരിപക്ഷം ബി.ജെ.പിക്ക് തന്നെ ലഭിക്കുമെന്നും തൂക്കുനിയമസഭയുടെ സാഹചര്യം ഉണ്ടാകില്ലെന്നും അശോകിന്റെ പ്രസ്താവനയോട് പ്രതികരിക്കവെ കർണാടക ബിജെപി വക്താവ് എം.ജി. മഹേഷ് പറഞ്ഞു. ‘ഊഹാപോഹങ്ങൾക്ക് ഇടമില്ല. ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പാക്കാൻ ആവശ്യമായ സീറ്റുകൾ ലഭിക്കും. തൂക്കുനിയമസഭയുടെ സാഹചര്യം ഉണ്ടാകില്ല. എക്‌സിറ്റ് പോളുകൾ എന്തുതന്നെ പ്രവചിച്ചാലും സർക്കാർ രൂപത്കരിക്കാൻ കഴിയുമെന്നതിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്’ -മഹേഷ് കൂട്ടിച്ചേർത്തു.
224 അംഗ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മിക്ക എക്‌സിറ്റ് പോളുകളും കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിച്ചത്. ഏതാനും എക്‌സിറ്റ് പോളുകൾ വ്യക്തമായ ഭൂരിപക്ഷവും ചിലർ തൂക്കുസഭയും പ്രവചിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി നേതാക്കളുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.