'ഹൈന്ദവ സമുദായത്തിലെ ആർക്കും പാർട്ടി ടിക്കറ്റ് നൽകും, ഒരൊറ്റ മുസ്ലിമിനും നൽകില്ല' -വർഗീയ പരാമർശവുമായി കർണാടക മന്ത്രി
text_fieldsബംഗളൂരു: ലിംഗായത്തുകൾ, കുറുബകൾ, വൊക്കലിഗക്കാർ തുടങ്ങിയ ഏതൊരു ഹിന്ദുവിനും പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ അവസരം നൽകുമെന്നും മുസ്ലിമായ ഒരു സ്ഥാനാർഥിയെ പോലും പരിഗണിക്കില്ലെന്നും കർണാടക മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പ.
'ഹൈന്ദവ സമുദായത്തിൽപ്പെട്ട ഏതൊരു വ്യക്തിക്കും പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ അവസരം നൽകും. ലിംഗായത്തുകാർ, കുറുബകൾ, വൊക്കലിഗക്കാർ, ബ്രാഹ്മണർ തുടങ്ങി ആർക്കുവേണമെങ്കിലും നൽകും. എന്നാൽ ഒറ്റ മുസ്ലിമിന് പോലും അവസരം നൽകില്ല' -ഈശ്വരപ്പ പറഞ്ഞു.
ഹിന്ദുത്വ വക്താക്കൾക്ക് തങ്ങൾ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നൽകുമെന്നും സങ്കോളി രായണ്ണ, കിത്തൂർ ചെന്നമ്മ, ശങ്കരാചാര്യർ തുടങ്ങിയവരുടെ അനുയായികൾക്ക് സീറ്റ് നൽകുമോയെന്ന കാര്യം അറിയില്ലെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി.
കർണാടകയിൽ ഗ്രാമവികസന മന്ത്രിയാണ് ഈശ്വരപ്പ. ബെലഗാവി ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധെപ്പട്ടാണ് വർഗീയ പരാമർശം. ബെലഗാവി മണ്ഡലം ഹിന്ദു സമുദായത്തിൽപ്പെട്ടവർക്ക് മേൽക്കൈയുള്ള മണ്ഡലമാണെന്നും ഈശ്വരപ്പ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.