കർണാടക മന്ത്രി മുഖത്തടിച്ചു; എന്നിട്ടും കാൽതൊട്ട് അപേക്ഷിച്ച് യുവതി -വിഡിയോ
text_fieldsബംഗളൂരു: യുവതിയുടെ മുഖത്തടിച്ച് കർണാടക മന്ത്രി. ശനിയാഴ്ച പട്ടയവിതരണ മേളക്കിടെയാണ് അടിസ്ഥാന സൗകര്യ വികസന മന്ത്രിയും ബി.ജെ.പി നേതാവുമായ വി. സോമണ്ണ യുവതിയുടെ മുഖത്തടിച്ചത്.
വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രിയും സർക്കാറും വെട്ടിലായി. മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാണ്. ചാമരാജനഗറിലെ ഹംഗല ഗ്രാമത്തിൽ നടന്ന പട്ടയ വിതരണ മേളക്കിടെയാണ് സംഭവം. പട്ടയം നൽകുന്നവരുടെ പട്ടികയിൽ യുവതിയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. ഇതിൽ പരാതി പറയാൻ എത്തിയതായിരുന്നു.
ക്ഷുഭിതനായാണ് മന്ത്രി യുവതിയുടെ മുഖത്തടിച്ചത്. മുഖത്തടിയേറ്റിട്ടും അവർ മന്ത്രിയുടെ കാൽക്കൽവീണു പൊട്ടിക്കരഞ്ഞു. വിവാദമായതോടെ പിന്നീട് മന്ത്രി ഖേദം പ്രകടിപ്പിച്ചു. ചടങ്ങിൽ ഗ്രാമത്തിലെ 175 പേർക്കാണ് ഭൂമിയുടെ പട്ടയം വിതരണം ചെയ്തത്. പട്ടയം ലഭിക്കാത്തതിലുള്ള നിരാശ ബോധിപ്പിക്കാനാണ് യുവതി മന്ത്രിയുടെ അടുത്തേക്ക് പോയത്.
എന്നാൽ, ഇതിൽ ക്ഷുഭിതനായി മന്ത്രി അവരുടെ മുഖത്തടിക്കുകയായിരുന്നു. രണ്ടു മണിക്കൂർ വൈകിയാണ് മന്ത്രി ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ഒരു ബി.ജെ.പി മന്ത്രി പൊതുജന മധ്യത്തിൽ സ്ത്രീകളെ അധിക്ഷേപിക്കുത് ഇത് ആദ്യമായല്ല. കഴിഞ്ഞ ഡിസംബറിൽ നിയമമന്ത്രി ജെ.സി. മധുസ്വാമി ഒരു കർഷകയെ പൊതുജനം നോക്കിനിൽക്കെ അധിക്ഷേപിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ ബി.ജെ.പി എം.എൽ.എ അരവിന്ദ് ലിംബവാലിയും വീട്ടമ്മയെ അധിക്ഷേപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.