കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഹിന്ദുക്കളെയും ഹിജാബ് ധരിപ്പിക്കുമെന്ന് കർണാടക മന്ത്രി
text_fieldsബംഗളൂരു: സംസ്ഥാനത്ത് ഹിജാബ് വിവാദം കൊടുമ്പിരികൊണ്ടിരിക്കെ മറ്റൊരു വിവാദത്തിന് തിരികൊളുത്തി കർണാടക ഊർജ മന്ത്രി സുനിൽ കുമാർ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ഹിന്ദുക്കളെ കൊണ്ടും ഹിജാബ് ധരിപ്പിക്കുമെന്നാണ് സുനിൽ കുമാറിന്റെ വിവാദ പ്രസ്താവന.
'ജനവിധി അനുകൂലമായാൽ ഹിന്ദുക്കൾ പോലും ഹിജാബ് ധരിക്കണമെന്ന നിയമം കോൺഗ്രസ് കൊണ്ടുവന്നേക്കും. സിദ്ധരാമയ്യയും കോൺഗ്രസും അത്തരമൊരു മാനസികാവസ്ഥ ഉപേക്ഷിക്കണം. ഇന്നലെയാണ് ത്രിവർണ പതാക നീക്കം ചെയ്‌തെന്ന വ്യാജ ആരോപണങ്ങൾ ഡി.കെ ശിവകുമാർ ഉന്നയിച്ചത്. തന്റെ തെറ്റായ പ്രസ്താവനയിൽ അദ്ദേഹം ഉറച്ചുനിന്നു'-സുനിൽ കുമാർ പറഞ്ഞു.
'ദേശീയ പതാക നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. ഇന്ന് അത് മാറ്റി പകരം കാവിക്കൊടി സ്ഥാപിച്ചു. ലോകം മുഴുവൻ ഉറ്റുനോക്കുന്നത് കർണാടകയിലേക്കാണ്. ലജ്ജാകരമായ സംഭവമാണ്'-ഷിമോഗ ജില്ലയിലെ കോളജിൽ ദേശീയ പതാക മാറ്റി കാവിക്കൊടി ഉയർത്തിയ സംഭവത്തിൽ കർണാടക പി.സി.സി അധ്യക്ഷൻ ശിവകുമാർ പ്രതികരിച്ചു.
കർണാടകയിലെ കോളജുകളിൽ വിദ്യാർഥിനികൾ ഹിജാബ് ധരിച്ച് എത്തുന്നതിനെ എതിർത്ത സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ആക്ടിവിസ്റ്റും സമാധാന നൊബേൽ ജേതാവുമായ മലാല യൂസുഫ് സായ് രംഗത്തെത്തിയിരുന്നു. ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണെന്നായിരുന്നു മലാലയുടെ ട്വീറ്റ്.
ഇന്ത്യൻ നേതാക്കൾ മുസ്ലിം സ്ത്രീകളെ പാർശ്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും മലാല ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.'ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണ്. കുറഞ്ഞതോ കൂടുതലോ ധരിക്കുന്ന വിഷയത്തിൽ സ്ത്രീകളുടെ എതിർപ്പ് നിലനിൽക്കുന്നു. ഇന്ത്യൻ നേതാക്കൾ മുസ്ലിം സ്ത്രീകളെ പാർശ്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണം.'
വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നതിനെ എതിർത്ത് ഹിന്ദുത്വവാദികൾ രംഗത്തെത്തിയതിനെ തുടർന്നാണ് കർണാടകയിൽ സംഘർഷത്തിന് വഴിവെച്ചത്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് കർണാടകയിലെ എല്ലാ ഹൈസ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെ ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളജ് വിദ്യാർഥിനികൾ കർണാടക ഹൈകോടതിയെ സമീപിച്ചു. ശിരോവസ്ത്രം ധരിക്കുന്നത് സ്വകാര്യതയുടെ കാര്യമാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അധ്യക്ഷനായ ബെഞ്ച്, സർക്കാർ ഉത്തരവ് സ്വകാര്യതയുടെ അതിർത്തി ലംഘിച്ചിരിക്കുന്നുവെന്ന് നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.