ആധുനിക ഇന്ത്യൻ സ്ത്രീകൾക്ക് ഒറ്റക്ക് കഴിയാനാണ് ഇഷ്ടം; വിവാഹശേഷവും ഗർഭധാരണത്തിന് തയാറാകുന്നില്ല - കർണാടക ആരോഗ്യ മന്ത്രി
text_fieldsബംഗളൂരു: 'ആധുനിക ഇന്ത്യൻ സ്ത്രീകൾക്ക്' ഒറ്റക്കു കഴിയാനാണ് താൽപര്യമെന്നും കല്യാണത്തിനുശേഷവും ഗർഭിണിയാകാൻ തയാറാകുന്നില്ലെന്നും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ ആഗ്രഹിക്കുകയാണെന്നും കർണാടക ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ.
ബംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോളജിക്കൽ സയൻസസിലെ (നിംഹാൻസ്) ലോക മാനസികാരോഗ്യ ദിന പരിപാടിയിലാണ് മന്ത്രിയുടെ പ്രസ്താവന. 'ഇന്ന് ഇത് പറയുന്നതിൽ വിഷമമുണ്ട്. നിരവധി ഇന്ത്യൻ സ്ത്രീകൾക്ക് ഒറ്റക്ക് ജീവിക്കാനാണ് ആഗ്രഹം. ഇനി അവർ കല്യാണം കഴിച്ചാലും കുഞ്ഞിനു ജന്മം നൽകേണ്ടെന്നായിരിക്കും തീരുമാനം. അവർക്ക് വാടക ഗർഭധാരണമാണു വേണ്ടത്. നമ്മുടെ ചിന്തകളിലുള്ള ഇത്തരം മാറ്റം നല്ലതല്ല'- മന്ത്രി പറഞ്ഞു.
നിർഭാഗ്യവശാൽ ഇന്നു നമ്മൾ പശ്ചാത്യരീതിക്ക് പിറകെ പോകുകയാണെന്നും നമ്മുടെ കൂടെ മാതാപിതാക്കൾ കഴിയാൻ ഇഷ്ടപ്പെടുന്നില്ലെന്നും കൂടെ മുതിർന്നവരുള്ള കാര്യം മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരോ ഏഴു ഇന്ത്യക്കാരിലും ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ടാകും. സമ്മർദം കൈകാര്യം ചെയ്യുന്നത് കലയാണെന്നും എന്നാൽ, അത് ഭൂരിഭാഗം പേർക്കും അറിയില്ലെന്നും മന്ത്രി സുധാകർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.