കർണാടക സാമാജികരുടെ ശമ്പള വർധനക്ക് അംഗീകാരം
text_fieldsബംഗളൂരു: മുഖ്യമന്ത്രിക്കും എല്ലാ നിയമസഭാംഗങ്ങൾക്കും 100 ശതമാനം ശമ്പള വർധന നൽകുന്ന ബില്ലുകൾ കർണാടക നിയമസഭ വെള്ളിയാഴ്ച പാസാക്കി. ഇതുമൂലം ഖജനാവിന് പ്രതിവർഷം 62 കോടി രൂപ അധിക ചെലവ് വരും. മുഖ്യമന്ത്രിയുടെ പ്രതിമാസ ശമ്പളം 75,000 രൂപയിൽ നിന്ന് 1.5 ലക്ഷമായി ഉയരും.
എല്ലാ മന്ത്രിമാർക്കും 108 ശതമാനം ശമ്പള വർധന ലഭിക്കും - 60,000 രൂപയിൽ നിന്ന് 1.25 ലക്ഷം രൂപയായി. എം.എൽ.എമാരുടെയും എം.എൽ.സിമാരുടെയും പ്രതിമാസ ശമ്പളം 40,000 രൂപയിൽ നിന്ന് 80,000 രൂപയായി വർധിപ്പിച്ചു. നിയമസഭാ സ്പീക്കറുടെയും നിയമസഭാ കൗൺസിൽ ചെയർപേഴ്സന്റേയും പ്രതിമാസ ശമ്പളം 75,000 രൂപയിൽ നിന്ന് 1.25 ലക്ഷം രൂപയായി ഉയർത്തും.
നിലവിൽ എം.എൽ.എമാർക്ക് അലവൻസുകളടക്കം മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. പുതിയ ശമ്പള വർധനവോടെ ഇത് അഞ്ചുലക്ഷം രൂപവരെ ആയി വർധിക്കും. രണ്ട് ലക്ഷത്തോളം രൂപയുടെ വർധനവാണ് ഉണ്ടായത്. പെൻഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയരും. കർണാടക മന്ത്രിമാരുടെ ശമ്പളം, അലവൻസുകൾ (ഭേദഗതി) ബില്ലും കർണാടക നിയമസഭ ശമ്പളം, പെൻഷൻ, അലവൻസുകൾ (ഭേദഗതി) ബില്ലും ചർച്ച കൂടാതെ നിയമസഭയിൽ പാസാക്കി.
പ്രതിപക്ഷ ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധത്തിനിടെയാണ് ഇത്. അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവെച്ചു.‘ജീവിതച്ചെലവിൽ ഗണ്യമായ വർധനവുണ്ടായതായും മുഖ്യമന്ത്രി, മന്ത്രിമാർ, സഹമന്ത്രിമാർ, ഡെപ്യൂട്ടി മന്ത്രിമാർ എന്നിവരുടെ ശമ്പളവും അലവൻസുകളും വളരെക്കാലമായി പരിഷ്കരിച്ചിട്ടില്ലെന്നും ബിൽ പറയുന്നു. നിയമസഭാ സ്പീക്കറുടെയും നിയമസഭാ കൗൺസിൽ ചെയർപേഴ്സന്റേയും പ്രതിമാസ ശമ്പളം 75,000 രൂപയിൽ നിന്ന് 1.25 ലക്ഷം രൂപയായി ഉയർത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.