കേരളത്തിൽ നിന്നുള്ളവർക്ക് നിർബന്ധിത ക്വാറൻറീനുമായി കർണാടക
text_fieldsബംഗളൂരു: കേരളത്തിൽനിന്നും എത്തുന്ന എല്ലാവർക്കും ഏഴു ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഏർപ്പെടുത്തി കർണാടക സർക്കാർ.തിങ്കളാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് കേരളത്തിൽനിന്നുള്ളവർക്ക് നിർബന്ധിത ക്വാറൻറീൻ ഏർപ്പെടുത്താൻ തീരുമാനിച്ചത്. രണ്ടു ഡോസ് വാക്സിനെടുത്തവർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർക്കും ഉൾപ്പെടെ ഒരാഴ്ചത്തെ നിർബന്ധിത ക്വാറൻറീൻ ബാധകമാണ്.
രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച് 15 ദിവസം കഴിഞ്ഞവരോട് അന്തർ സംസ്ഥാന യാത്രക്ക് ഉൾപ്പെടെ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടരുതെന്ന കേന്ദ്ര നിർദേശം നിലനിൽക്കെയാണ് കേരളത്തിൽനിന്നുള്ളവർക്ക് മാത്രമായി കർണാടക സർക്കാർ നിയന്ത്രണം കടുപ്പിക്കുന്നത്. നിർബന്ധിത ക്വാറൻറീൻ എന്നു മുതലാണ് ഏർപ്പെടുത്തുകയെന്ന വ്യക്തമാക്കാത്തതിനാൽ തന്നെ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും മറ്റു ദിവസങ്ങളിലുമായി കർണാടകയിലേക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്താനിരുന്നവരും പ്രതിസന്ധിയിലായി.
നിർബന്ധിത ക്വാറൻറീനിെൻറ ഏഴാം ദിവസം നടത്തുന്ന ആർ.ടി.പി.സി.ആർ പരിശോധന നെഗറ്റീവായാൽ മാത്രമെ പുറത്തേക്ക് വിടുകയുള്ളു. േകരളത്തിൽ കോവിഡ് കേസുകൾ ഉയരുകയാണെന്നും കേരളത്തിൽനിന്ന് വരുന്ന വിദ്യാർഥികൾക്ക് ഉൾപ്പെടെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഏർപ്പെടുത്താൻ തീരുമാനിച്ചതായും റവന്യു മന്ത്രി ആർ. അശോക പറഞ്ഞു. അതേസമയം, ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ സൗജന്യമായി സർക്കാർ കേന്ദ്രങ്ങൾ ഒരുക്കുമോ എന്നോ അതോ ഹോട്ടലുകളിൽ പണം നൽകി നിൽക്കേണ്ടിവരുമോ എന്ന കാര്യത്തിൽ ഉൾപ്പെടെ അവ്യക്തത നിലനിൽക്കുകയാണ്.
ഒന്നോ രണ്ടോ ദിവസത്തെ ഹ്രസ്വ സന്ദർശനത്തിന് കർണാടകയിലെത്തുന്നവർക്ക് ക്വാറൻറീൻ ഉണ്ടാകുമോ എന്നും വ്യക്തമല്ല. ചൊവ്വാഴ്ചയോടെ വ്യക്തമായ മാർഗനിർദേശത്തോടെ സർക്കാർ ഉത്തരവിറക്കിയേക്കുമെന്നാണ് വിവരം. കോലാറിൽ 15 മലയാളി നഴ്സിങ് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദക്ഷിണ കന്നട, മൈസൂരു, ഉഡുപ്പി, ഹാസൻ തുടങ്ങിയ ജില്ലകളിലെ കോളജുകളിലും കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് ഉൾപ്പെടെ നിരവധി പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽനിന്നും കർണാടകയിലേക്ക് വ്യാജ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി തലപ്പാടിയിലും കുടക് അതിർത്തികളിലുമായി മലയാളികൾ പിടിയിലായിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേരളത്തിൽനിന്നുള്ളവർക്കുള്ള നിയന്ത്രണം കർണാടക കടുപ്പിക്കാൻ തീരുമാനിച്ചത്.
നിലവിൽ കർണാടകയിലേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കേരളത്തിലെ രോഗ സ്ഥിരീകരണ നിരക്ക് 19ശതമാനമായി ഉയർന്നതിനാൽ ദക്ഷിണ കന്നടയിലും കുടകിലും നിയന്ത്രണം തുടരാനും സർക്കാർ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.