ഹുസൈനബ്ബ വധം: എസ്.െഎ ഉൾപ്പെടെ മൂന്ന് പൊലീസുകാർ അറസ്റ്റിൽ
text_fieldsഹുസൈനബ്ബയെ (61) മർദിച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഹിരിയട്ക്ക പൊലീസ് സബ് ഇൻസ്പെക്ടർ ഡി.എൻ.കുമാർ (50), ഹെഡ്കോൺസ്റ്റബിൾ മോഹൻ കൊത്ത്വാൾ(47),പൊലീസ് ജീപ്പ് ഡ്രൈവർ ഗോപാൽ(34) എന്നിവരെ അറസ്റ്റ് ചെയ്തു. വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകരുമായി ചേർന്ന് മർദിച്ച് കൊല്ലുകയും ഹൃദയാഘാത മരണമാക്കി മാറ്റാൻ ശ്രമിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. എസ്.ഐയെ സംഭവം നടന്ന ഉടനെയും മറ്റ് രണ്ടുപേരെ അറസ്റ്റിനെത്തുടർന്നും ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബാർഗി സസ്പെൻഡ് ചെയ്തിരുന്നു.
മംഗളൂരു ജോക്കട്ടെ സ്വദേശിയും 35 വർഷമായി കാലിക്കച്ചവടക്കാരനുമായ ഹുസൈനബ്ബ ഹിരിയട്ക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ പെർഡൂരിൽ കഴിഞ്ഞ മാസം 30നാണ് കൊല്ലപ്പെട്ടത്. കാലിക്കടത്ത് സംബന്ധിച്ച് പുലർച്ച വിവരം കിട്ടിയ പൊലീസ്, വാഹനം തടഞ്ഞ് അതിലുണ്ടായിരുന്ന നാലു പേരിൽ ഹുസൈനബ്ബയെ വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. പൊലീസ് ജീപ്പിലിട്ട് മർദിച്ചവശനാക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും മരിച്ചിരുന്നു.
ബജ്റംഗ്ദൾ നേതാവ് പ്രസാദ് കൊണ്ടാടിയുടെയും സംഘത്തിെൻറയും സഹായത്തോടെ മൃതദേഹം കുന്നിൻമുകളിൽ തള്ളി. പിന്നീട് ഒരാൾ മരിച്ചുകിടക്കുന്നതായി സ്റ്റേഷനിൽ ‘വിവരം ലഭിച്ച’തിനെത്തുടർന്ന് പൊലീസ് സ്ഥലത്തുചെന്ന് പരിശോധിച്ചു.
പൊലീസിനെ ഭയന്നോടി ഹൃദയാഘാതം മൂലം മരിച്ചതായി കേസും രജിസ്റ്റർ ചെയ്തു.കാലിക്കടത്ത് വാഹനത്തിൽനിന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ ഹുസൈനബ്ബയുടെ സഹോദരൻ മുഹമ്മദലിയോട് വെളിപ്പെടുത്തിയ വിവരങ്ങളാണ് യഥാർഥ സംഭവത്തിലേക്ക് സൂചനയായത്. എസ്.ഐയും പൊലീസുകാരും കുറ്റം ഏറ്റതായി ജില്ല പൊലീസ് സൂപ്രണ്ട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ മൂവരെയും കാർവാർ ജയിലിൽ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.