വിജയദശമിയിൽ കാവിയണിഞ്ഞ് കർണാടക പൊലീസ്; കൈയിൽ ത്രിശൂലം കൂടി പിടിക്കാമെന്ന് കോൺഗ്രസ്
text_fieldsബംഗളൂരു: കർണാടകയിൽ രാഷ്ട്രീയ കൊടുങ്കാറ്റിന് തുടക്കമിട്ട് വിജയദശമി ദിനത്തിൽ പൊലീസുകാരുടെ കാവി വസ്ത്രധാരണം. വിജയപുര, ഉഡുപ്പി പൊലീസ് ഉദ്യോഗസ്ഥർ കാവി വസ്ത്രം അണിഞ്ഞ് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.
കർണാടകയെ ബി.ജെ.പി 'ഉത്തർപ്രദേശിനെപ്പോലെ കാട്ടുഭരണത്തിലേക്ക്' നയിക്കുകയെന്നായിരുന്നു കോൺഗ്രസിന്‍റെ പ്രതികരണം. ഒക്ടോബർ 14ലെയാണ് ചിത്രങ്ങൾ. വിജയപുര പൊലീസിൽ എസ്.പി ഉൾപ്പെടെ വെള്ള വസ്ത്രങ്ങളും കുങ്കുമ ഷാളുകളും അണിഞ്ഞ് നിൽക്കുന്നത് കാണാം.
ഉഡുപ്പിയിലെ കൗപ്പ് െപാലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ കുങ്കുമ ഷർട്ടും വെള്ള ദോത്തിയും ഷാളും അണിഞ്ഞുനിൽക്കുന്നതാണ് ചിത്രങ്ങൾ. വനിത പൊലീസുകാർ കുങ്കുമനിറത്തിലെ സാരിയും അണിഞ്ഞിട്ടുണ്ട്.
ചിത്രങ്ങൾ വൈറലായതോടെ പ്രതികരണവുമായി നിരവധി നേതാക്കൾ രംഗത്തെത്തി. കർണാടക ബി.ജെ.പി സർക്കാർ പൊലീസിനെയും ഭരണസംവിധാനത്തെയും കാവിവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു നേതാക്കളുടെ ആരോപണം.
ബി.ജെ.പി സർക്കാർ കർണാടകയെ ഉത്തർപ്രദേശ് മോഡൽ കാട്ടുഭരണത്തിലേക്ക് നയിക്കുകയാണെന്ന് കോൺഗ്രസ് നതോവ് സിദ്ധരാമയ്യ ആരോപിച്ചു. കൂടാതെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ രാജിയും ആവശ്യപ്പെട്ടു.
'മിസ്റ്റർ ബൊമ്മൈ, നിങ്ങൾ എന്തിനാണ് പൊലീസിന്‍റെ യൂണിഫോം മാത്രം മാറ്റിയത്. അവർക്ക് ഒരു ത്രിശൂലവും അക്രമം നടത്താനുള്ള അനുമതിയും കൂടി നൽകുക. അതിലൂടെ ജംഗിൾ രാജ് സ്ഥാപിക്കാനുള്ള നിങ്ങളുടെ സ്വപ്നം പൂർത്തീകരിക്കും' -സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
വിമർശനവുമായി കർണാടക കോൺഗ്രസ് പ്രസിഡന്‍റ് ഡി.കെ. ശിവകുമാറും രംഗത്തെത്തി. ഭരണഘടനക്ക് അനുസൃതമായി ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് നമ്മുടെ പൊലീസുകാർ ബാധ്യസ്ഥരാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ നിറത്തിലേക്ക്മാറുന്നതിലൂടെ കർണാടക പൊലീസ് എന്തുതരം മാതൃകയാണ് ഉയർത്തിക്കാട്ടുന്നത്. കർണാടക മുഖ്യമന്ത്രിയും ഡി.ജി.പിയും ഈ ഗുരുതരമായ കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കണം' -ഡി.കെ. ശിവകുമാർ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.