കോലാറിൽ നിന്നും മത്സരിക്കും; ഇത് അവസാന തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് സിദ്ധരാമയ്യ
text_fieldsബംഗളൂരു: കോലാറിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. നേരത്തെ സിദ്ധരാമയ്യക്ക് വരുണ സീറ്റ് കോൺഗ്രസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമതൊരു സീറ്റിൽ കൂടി മത്സരിക്കുമെന്നും അത് കോലാറാകുമെന്ന് സിദ്ധരാമയ്യ അറിയിച്ചിരിക്കുന്നത്.
2018ലെ തെരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നും ജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചു. ബാദമിയും ചാമുണ്ഡേശ്വരിയുമായിരുന്നു മത്സരിച്ച രണ്ട് മണ്ഡലങ്ങൾ. ഇത്തവണ വരുണയിൽ ജയിക്കുമെന്ന് ഉറപ്പാണ്. എന്നാൽ, കോലാറിലെ ജനങ്ങൾ തന്നോട് സ്നേഹം കാണിക്കുകയും മത്സരിക്കാൻ അഭ്യർഥിക്കുകയും ചെയ്തു. അതിനാലാണ് കോലാറിൽ കൂടി മത്സരിക്കുന്നതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്. ഇതിന് ശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്റെ രാഷ്ട്രീയജീവിതത്തിന് വരുണയിൽ അവസാനം കുറിക്കാനാണ് താൽപര്യമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പുറത്തുവിട്ട കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ സിദ്ധരാമയ്യ വരുണയിൽ നിന്ന് മത്സരിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചത്. സിദ്ധരാമയ്യയുടെ മകനും സിറ്റിങ് എം.എൽ.എയുമായ യതീന്ദ്രക്ക് പകരമാണ് മത്സരിക്കുന്നത്. അതേസമയം, പഴയ മൈസൂരിന്റെ ഭാഗമായ കോലാറിൽ മത്സരിക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നു. മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചതായും സിദ്ധരാമയ്യ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.