കർണാടക പൊലീസ് സബ് ഇൻസ്‌പെക്ടർ റിക്രൂട്ട്‌മെന്റ് അഴിമതി: എസ്.െഎ അറസ്റ്റിൽ
text_fieldsബംഗലൂരു: കർണാടക സബ് ഇൻസ്‌പെക്ടർ റിക്രൂട്ട്‌മെന്റ് അഴിമതി കേസിൽ പൊലീസ് ഉദ്യോഗസ്ഥനെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. ഉദ്യോഗാർഥികൾക്കും ഒ.എം.ആർ ഷീറ്റിൽ കൃത്രിമം കാട്ടിയ തട്ടിപ്പുകാർക്കും ഇടയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന കുറ്റത്തിനാണ് വെസ്റ്റ് ഡിവിഷൻ ബ്യാദരഹള്ളി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ.ഹരീഷ് (30) പിടിയിലായത്.
ഇയാളെ പിന്നീട് 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മഗഡിയിലെ ചിക്കല്യ ഗ്രാമത്തിൽ നിന്നുള്ള ഹരീഷ്, 2019 ബാച്ച് സബ് ഇൻസ്പെക്ടറാണ്. പരീക്ഷ എഴുതിയ മൂന്ന് ഉദ്യോഗാർഥികളെ കൂടുതൽ മാർക്ക് നേടാൻ ഇയാൾ സഹായിച്ചെന്നാണ് കണ്ടെത്തൽ. റിക്രൂട്ട്‌മെന്റ് അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ശാന്തകുമാറിനെ സി.ഐ.ഡി സംഘം മെയിൽ കസ്റ്റഡിയിലെടുത്തിരുന്നു.
റിക്രൂട്ട്‌മെന്റ് വിഭാഗത്തിൽ 12 വർഷത്തോളം ശാന്തകുമാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉത്തരക്കടലാസുകൾ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിന്റെ ചുമതല ശാന്തകുമാറിനായിരുന്നു. 20-ലധികം പരീക്ഷാ കേന്ദ്രങ്ങളുടെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. കൂടാതെ, സെന്ററുകളുടെ അലോട്ട്‌മെന്റിന്റെ മേൽനോട്ടവും ഹാൾ ടിക്കറ്റ് നൽകുന്നതിനും ഇദ്ദേഹത്തിനായിരുന്നു ചുമതല.
2021 ഒക്ടോബറിലാണ് കർണാടക പൊലീസ് സേനയിലേക്ക് 545 സബ് ഇൻസ്‌പെക്ടർമാരെ (പി.എസ്.ഐ) റിക്രൂട്ട് ചെയ്യുന്നതിനുള്ള പരീക്ഷ നടന്നത്. ഇൻവിജിലേറ്റർമാരായി നിയോഗിക്കപ്പെട്ട കലബുറഗിയിലെ സ്വകാര്യ സ്‌കൂൾ അധ്യാപകരോട് ഉദ്യോഗാർഥികളെ പരീക്ഷയിൽ കോപ്പിയടിക്കുന്നതിന് സഹായിക്കാൻ സ്‌കൂൾ മാനേജ്‌മെന്റ് നിർദേശിച്ചതായി സി.ഐ.ഡി സംഘം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കലബുറഗിയിലെ ജ്ഞാനജ്യോതി സ്‌കൂൾ പ്രസിഡന്റ് രാജേഷ് ഹഗരാഗി, സ്‌കൂളിലെ രണ്ട് അധ്യാപകർ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ഇക്കാര്യം സി.ഐ.ഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.