കർണാടക രാജ്യോത്സവം ഇന്ന്; നാല് മഹാരാഷ്ട്ര നേതാക്കൾക്ക് പ്രവേശന വിലക്ക്
text_fieldsബംഗളൂരു: കന്നട രാജ്യോത്സവം ഇന്ന്. 1956ൽ കർണാടക സംസ്ഥാനം രൂപവത്കരിച്ചതിന്റെ ആഘോഷമാണിത്. ഇതോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികളാണ് സംസ്ഥാനത്ത് നടക്കുക.
കർണാടകയുടെ പതാക വിവിധയിടങ്ങളിൽ ഉയർത്തും. അതേസമയം, ഇത്തവണയും ബെളഗാവി ജില്ലയിലെ മറാഠി സംസാരിക്കുന്ന ഗ്രാമങ്ങൾ ഏറെയുള്ള മേഖലയിൽ രാജ്യോത്സവത്തിനെതിരെ പ്രതിഷേധമുണ്ടാകും.
മറാത്ത അനുകൂല രാഷ്ട്രീയ സംഘടനയായ മഹാരാഷ്ട്ര ഏകീകരൺ സമിതി (എം.ഇ.എസ്) ഇന്ന് കരിദിനമായി ആചരിക്കുന്നുണ്ട്. ഇതിന് മഹാരാഷ്ട്ര സർക്കാർ ഔദ്യോഗിക പിന്തുണയും അറിയിച്ചു.
തങ്ങളുടെ പ്രതിനിധിയെ ഇന്ന് ബെളഗാവിയിലേക്ക് അയക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം അറിയിച്ചതോടെ കർണാടക സർക്കാർ ബെളഗാവിയിലെ അതിർത്തി മേഖലകളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. നവംബർ രണ്ടിന് വൈകുന്നേരം വരെ നാല് മഹാരാഷ്ട്ര നേതാക്കൾ ബെളഗാവിയിൽ പ്രവേശിക്കുന്നത് ഡെപ്യൂട്ടി കമീഷണർ നിതീഷ് പാട്ടീൽ നിരോധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മന്ത്രിമാരായ ശംഭുരാജ് ദേശായ്, ചന്ദ്രകാന്ത് പാട്ടീൽ, ദീപക് കേസർക്കാർ, ലോക്സഭ എം.പിയായ ധൈര്യശീൽ മാനെ എന്നിവർക്കാണ് നിരോധനം. ചൊവ്വാഴ്ച വൈകുന്നേരം ആറുമുതൽ നവംബർ രണ്ട് വൈകുന്നേരം ആറുവരെയാണ് വിലക്ക്.
ബെളഗാവിയിലെ 800 അതിർത്തി ഗ്രാമങ്ങളെ മഹാരാഷ്ട്രയോടൊപ്പം ചേർക്കണമെന്നതാണ് എം.ഇ.എസിന്റെ വർഷങ്ങളായുള്ള ആവശ്യം. ഈ ഗ്രാമങ്ങൾ മറാത്ത സംസാരിക്കുന്നവയാണ്. ഇന്നത്തെ കരിദിനാചരണത്തിന് ബെളഗാവി ജില്ല ഭരണകൂടം നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. വിലക്ക് ലംഘിച്ചാൽ കർശന നടപടിയെടുക്കും.
കഴിഞ്ഞ വർഷം നവംബർ ഒന്നിന് മറാത്ത അനുകൂല സംഘടനകൾ കന്നട രാജ്യോത്സവ ദിനത്തിൽ വൻപ്രതിഷേധം നടത്തിയിരുന്നു. കന്നട അനുകൂല സംഘടനകൾ ഇതിനെതിരെ രംഗത്തുവന്നതോടെ കല്ലേറടക്കമുള്ള അനിഷ്ടസംഭവങ്ങളാണ് ബെളഗാവിയിൽ ഉണ്ടായത്. മഹാരാഷ്ട്രയിൽനിന്നുള്ള നേതാക്കൾ കർണാടകയിലെത്തുന്നത് തടയണമെന്ന് കന്നട അനുകൂല സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.