Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്ത്രീകളെ ഏതുവസ്ത്രവും...

സ്ത്രീകളെ ഏതുവസ്ത്രവും ധരിക്കാൻ നിർബന്ധിക്കരുതെന്ന് കർണാടക

text_fields
bookmark_border
Karnataka High Court
cancel

ബംഗളൂരു: ശിരോവസ്ത്രം ഇസ്​ലാമിലെ അനിവാര്യമായ ആചാരമായി കരുതുന്നതോടെ മുസ്​ലിം സ്​ത്രീകൾ പ്രത്യേക വസ്ത്രം ധരിക്കാൻ നിർബന്ധിതരാവുമെന്നും ഏതു തരം വസ്ത്രവും ധരിക്കാൻ സ്ത്രീകളെ നിർബന്ധിക്കരുതെന്നും കർണാടക സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. ശിരോവസ്ത്രവുമായി ബന്ധപ്പെട്ട കേസിൽ ചീഫ്​ ജസ്റ്റിസ്​ റിതുരാജ്​ അവസ്തി, ജസ്റ്റിസ്​ ജൈബുന്നിസ എം. കാസി, ജസ്റ്റിസ്​ കൃഷ്ണ എസ്​. ദീക്ഷിത്​ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്​ മുന്നിലായിരുന്നു​ എട്ടാം ദിനമായ ചൊവ്വാഴ്ച അഡ്വക്കറ്റ്​ ജനറൽ പ്രഭുലിംഗ്​ നാവദഗിയുടെ വാദം. ശിരോവസ്ത്രം ധരിക്കുന്നതിന്​​ കോടതി ഉത്തരവുകൊണ്ട്​ ​മതപരമായ അനുവാദം നൽകിയാൽ, അത്​ ഇഷ്ടമില്ലാത്തവരെയും ധരിക്കാൻ നിർബന്ധിക്കുമെന്നും തെരഞ്ഞെടുപ്പിന്‍റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്നും എ.ജി വാദിച്ചു.

കോടതി അത്തരമൊരു ഉത്തരവ്​ പുറപ്പെടുവിച്ചാൽ, ശിരോവസ്ത്രം ധരിക്കാനിഷ്ടമില്ലാത്ത മുസ്​ലിം സ്ത്രീകളുടെ അഭിമാനത്തെ അത്​ കുറക്കുമെന്നാണോ നിങ്ങൾ പറയുന്നതെന്ന്​ ബെഞ്ച്​ ചോദിച്ചു. അത്​ വ്യക്തി സ്വാതന്ത്ര്യത്തെ തടയുമെന്ന്​ പ്രതികരിച്ച എ.ജി, എല്ലാ വിശ്വാസത്തിലെയും എല്ലാ സ്ത്രീകൾക്കും അവരുടേതായ തെരഞ്ഞെടുപ്പ്​ ഉണ്ടെന്നും ജുഡീഷ്യൽ പ്രഖ്യാപനം വഴി മതപരമായ അനുവാദം നൽകരുതെന്നും വാദിച്ചു.

ശിരോവസ്​ത്രം ധരിക്കുന്നത്​ നിയമബദ്ധമല്ലെങ്കിൽ അത്​ നിർബന്ധമല്ല. നിർബന്ധമല്ലെന്നതിനർഥം അത്​ അനിവാര്യമല്ലെന്നാണ്​. അതിനാൽ, ശിരോവസ്​​ത്ര ധാരണം അനിവാര്യമായ മതാചാര പരിധിയിൽ വരില്ല. ശിരോവസ്ത്രം ധരിക്കുന്നത്​ ഭരണഘടനയുടെ 19 ഒന്ന്​ (എ) വകുപ്പു പ്രകാരം, ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്ന ഹരജിക്കാരുടെ വാദം മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 25 ാം വകുപ്പുമായി ചേരില്ലെന്ന്​ എ.ജി വാദിച്ചു.

ഭരണഘടനയുടെ 19 ഒന്ന്​ (എ) വകുപ്പു പ്രകാരം ആരെങ്കിലും ശിരോവസ്ത്രം ധരിക്കണമെന്ന്​ ആഗ്രഹിച്ചാൽ, നിങ്ങളതിനെ നിയന്ത്രിക്കുകയും ചെയ്താൽ അത്​ മൗലികാവകാശത്തെ തടയലല്ലേ എന്ന്​ ചീഫ്​ ജസ്റ്റിസ്​ റിതീരാജ്​ അവസ്തി തിരിച്ചുചോദിച്ചു. ഈ രാജ്യത്ത്​ ശിരോവസ്ത്രത്തിന്​ നിരോധനമില്ലെന്നായിരുന്നു അഡ്വക്കറ്റ്​ ജനറലിന്‍റെ മറുപടി. ശിരോവസ്ത്രത്തിന്​ കാമ്പസിൽ വിലക്കില്ലെന്നും ക്ലാസ്​ സമയത്ത്​ ക്ലാസ്​ മുറിയിൽ മാത്രമാണ്​ വിലക്കെന്നും അത്​ മതപരമല്ല; എല്ലാവരെയും ബാധിക്കുന്ന യൂനിഫോമുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഭരണഘടനാപരമായ ധാർമികയുടെ വീക്ഷണത്തിൽ ശബരിമല വിധിയുടെ വെളിച്ചത്തിൽ ശിരോവസ്​ത്രം സ്കൂളുകളിൽ അനുവദിക്കാമോ എന്ന്​ ചോദിച്ചാണ്​ എ.ജി വാദം അവസാനിപ്പിച്ചത്​.

ഹിന്ദു വിവാഹത്തിൽ താലി കെട്ടുന്നത്​ അനിവാര്യമാണെന്നും എന്നാൽ, രാജ്യത്തെ മുഴുവൻ ഹിന്ദുക്കളും താലി കെട്ടുന്നത്​ നിർബന്ധമാണെന്ന്​ അതിനർഥമില്ലെന്നും ജസ്റ്റിസ്​ കൃഷ്മ എസ്​. ദീക്ഷിത്​ ചൂണ്ടിക്കാട്ടി. ശബരിമല കേസിൽ പുനഃപരിശോധനാ ഹരജികൾ തീർപ്പായിട്ടുണ്ടോ എന്ന്​ കോടതി ചോദിച്ചു. ഏഴു ഹരജികളിൽ തീർപ്പായതായും വിഷയം വിശാലബെഞ്ചിന്‍റെ പരിഗണനയിലാണെന്നും പറഞ്ഞ എ.ജി, ശബരിമല കേസിലെ വിധി ഇപ്പോൾ നിയമമാണെന്ന്​ കോടതിയെ ഓർമപ്പെടുത്തി. എന്നാൽ, ശബരിമല കേസിൽ വിശാല ബെഞ്ചിന്​ മുന്നിലുള്ള ചോദ്യങ്ങൾ ഞങ്ങളുടെയും മുന്നിലുണ്ടെന്ന്​ ചീഫ്​ ജസ്റ്റിസ്​ അവസ്തി വ്യക്തമാക്കി.

ശിരോവസ്ത്രം ധരിച്ച്​ ക്ലാസിൽ പോകുന്നതിന്​ ചില ഇളവുകൾ കോടതി ഇപ്പോൾ അനുവദിക്കണമെന്ന്​ ഹരജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കേസ്​ ഈ ആഴ്ച തന്നെ തീർപ്പാക്കാനാണ്​ ആഗ്രഹമെന്നും ഇരു കക്ഷികളും സഹകരിക്കണമെന്നും ബെഞ്ച്​ പ്രതികരിച്ചു.

അതേസമയം, തിങ്കളാഴ്ച മുതൽ പല പി.യു കോളജുകളിലും അവസാന വർഷ പ്രാക്ടിക്കൽ പരീക്ഷ ആരംഭിച്ചെങ്കിലും ശിരോവസ്ത്ര അവകാശ സമരം നടത്തുന്ന വിദ്യാർഥിനികൾ പുറത്തുതന്നെയാണ്​. സമരത്തിന്‍റെ ഭാഗമായി പ്രാക്ടിക്കൽ പരീക്ഷയിൽനിന്ന്​ വിട്ടുനിന്നവർക്ക്​ മറ്റൊരവസരം നൽകില്ലെന്ന്​ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്​ വ്യക്തമാക്കി. ഇവർക്ക്​ പ്രാക്ടിക്കലിന്‍റെ മാർക്കുകൂടി തിയറി പേപ്പറിൽ നേടേണ്ടിവരുമെന്നതാണ്​ സ്ഥിതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakawomen clothes
News Summary - Karnataka says women should not be forced to wear any clothes
Next Story