കർണാടകയിലെ പാഠപുസ്തകങ്ങളിലെ കാവിവൽക്കരണത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു
text_fieldsബംഗളൂരു: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠപുസ്തകങ്ങൾ കാവിവത്ക്കരിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരെ എഴുത്തുകാരുടെയും വിദ്യാഭ്യാസ പണ്ഡിതമാരുടെയും പ്രതിഷേധം ശക്തമാകുന്നു. ബി.ജെ.പി സർക്കാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പാഠപുസ്തക പരിഷ്കരണത്തിൽ പ്രതിഷേധിച്ച് കർണാടകയിലെ എഴുത്തുകാരും വിദ്യാഭ്യാസപണ്ഡിതമാരും വിവിധ സർക്കാർ കമ്മിറ്റികളിൽ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിങ്, മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താൻ, ലിംഗായത്ത് സാമൂഹിക പരിഷ്കർത്താവ് ബസവണ്ണ, നവോത്ഥാന നേതാക്കമാരായ പെരിയാർ, ശ്രീനാരായണഗുരു, എന്നിവരുടെക്കുറിച്ചുള്ള അധ്യായങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയുകയോ, വെട്ടിച്ചുരുക്കുകയോ ചെയ്തതായി നേരത്തെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.
പാഠപുസ്തക പരിഷ്കരണത്തിലൂടെ സംസ്ഥാന സർക്കാർ വിദ്യാർഥികളെ യഥാർഥ ചരിത്രം പഠിപ്പിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി ബി. സി നാഗേഷ് അവകാശപ്പെടുന്നത്. നേരത്തെ പ്രഫ. ബരഗൂർ രാമചന്ദ്രപ്പയുടെ നേതൃത്വത്തിൽ രൂപീകരിച്ച പാഠപുസ്തകങ്ങൾ നുണകളും തെറ്റായ വിവരങ്ങളും നിറഞ്ഞതാണെന്നും ഞങ്ങൾ വിദ്യാർഥികളെ സത്യം പഠിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ചില ബുദ്ധിജീവികളും രാഷ്ട്രീയക്കാരും പുതുതായി പരിഷ്കരിച്ച പാഠപുസ്തകങ്ങൾ കാണാതെയാണ് ജാതിരാഷ്ട്രീയം കളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എഴുത്തുകാരായ ഡോ. ജി.എസ്. ശിവരുദ്രപ്പ, എസ്.ജി സിദ്ധരാമയ്യ, എച്ച്.എസ്. രാഘവേന്ദ്ര റാവു, നടരാജ ബുദാലു, ചന്ദ്രശേഖർ നംഗ്ലി എന്നിവർ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്ക് കത്തയച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ സമീപകാലത്ത് നടക്കുന്ന ഭരണഘടനാ വിരുദ്ധമായ ആക്രമണങ്ങളിലും അടിച്ചമർത്തലിലും തങ്ങൾക്ക് ആശങ്കയുണ്ടെന്ന് അവർ അറിയിച്ചു. ഭരണകൂടത്തെയും ഫെഡറൽ ഘടനയെയും തകർക്കുകയും സംസ്ഥാനത്ത് വർഗീയ വിദ്വേഷം വളർത്തുന്നവർക്കുമെതിരെ സർക്കാർ നടപടിയെടുക്കാത്തതും മൗനമായി പിന്തുണ നൽകുന്നതും തങ്ങളിൽ ഉത്കണ്ഠയും ഭയവും സൃഷ്ടിക്കുന്നതായും അവർ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പാഠപുസ്തക പരിഷ്കരണങ്ങളോടുള്ള പ്രതിഷേധ സൂചകമായി കവി സിദ്ധരാമയ്യ തന്‍റെ കവിത ഒമ്പതാം ക്ലാസ് കന്നഡ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നതിന് അനുമതി നിഷേധിച്ചിരുന്നു. നേരത്തെ പ്രമുഖ എഴുത്തുകാരായ ദേവനൂര മഹാദേവയും ജി. രാമകൃഷ്ണയും തങ്ങളുടെ സൃഷ്ടികൾ പാഠപുസ്തകങ്ങളിൽ നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കുകയും കാവിവൽക്കരിക്കുകയുമാണ് ചെയ്യുന്നതെന്ന് വിദ്യാഭ്യാസ പണ്ഡിതന്‍ വി.പി നിരഞ്ജനാരാധ്യ അഭിപ്രായപ്പെട്ടു. പാഠപുസ്തക പരിഷ്കരണപ്രക്രിയയിൽ ഭരണഘടനാ മൂല്യങ്ങളോ, വിദ്യാഭ്യാസ നയങ്ങളോ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാഠപുസ്തക പരിഷ്കരണത്തിനെതിരെ നിരവധി വിദ്യാർഥി സംഘടനകളും പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.