കർണാടകയിൽ ബി.ജെ.പിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; ഏറ്റവും അഴിമതി നിറഞ്ഞ സർക്കാറെന്ന് സർവേ
text_fieldsബംഗളൂരു: കർണാടകയിൽ അധികാര തുടർച്ച സ്വപ്നം കാണുന്ന ബി.ജെ.പിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം ശക്തം. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈക്കെതിരെ സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുള്ളതായി കന്നട മാധ്യമ സ്ഥാപനമായ ഈദിന നടത്തിയ പ്രീ -പോൾ സർവേ പറയുന്നു.
ബൊമ്മൈ സർക്കാർ രണ്ടാം തവണയും അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന്, സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷവും ഇല്ലെന്നാണ് മറുപടി നൽകിയത്. 32 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്താനോ, പ്രതികരിക്കാനോ തയാറായില്ല. പ്രതികരിക്കാൻ തയാറായവരിൽ 67 ശതമാനവും ബൊമ്മൈ സർക്കാർ വീണ്ടും അധികാരത്തിലെത്തില്ലെന്നാണ് മറുപടി നൽകിയത്.
183 മണ്ഡലങ്ങളിലായി വിവിധ സമുദായങ്ങളിലെ 40,000 പേരെയാണ് സർവേയുടെ ഭാഗമാക്കിയത്. 28 മണ്ഡലങ്ങളിൽ കൂടി സർവേ നടത്തുന്നുണ്ട്. ഓരോ മണ്ഡലങ്ങളിലും 16 ബൂത്തുകളിൽനിന്നുള്ളവരെ റാണ്ടം സർവേ നടത്തുകയായിരുന്നു. ഇതിൽ 55 ശതമാനം പേർ പുരുഷന്മാരും 45 ശതമാനം പേർ സ്ത്രീകളുമാണ്. ബി.ജെ.പി അനുകൂലികളിൽ 27 ശതമാനവും വിശ്വസിക്കുന്നത് ബൊമ്മൈ സർക്കാർ വീണ്ടും അധികാരത്തിലെത്തില്ലെന്നാണ്. 87 ശതമാനം കോൺഗ്രസും അനുകൂലികളും 88 ശതമാനം ജെ.ഡി.എസ് അനുകൂലികളും ബി.ജെ.പി ഇത്തവണ പരാജയപ്പെടുമെന്ന് പറയുന്നു.
അതേസമയം, 57 ശതമാനം സവർണ വിഭാഗവും ബി.ജെ.പി അധികാരത്തിൽ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. മറ്റൊരു പ്രബല വിഭാഗമായ ലിംഗായത്തിലെ 53 ശതമാനം പേരും ബി.ജെ.പി തെരഞ്ഞെടുക്കപ്പെണമെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്. മേയ് പത്തിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. 13ന് വോട്ടെണ്ണലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.