ടിപ്പുവിനെയും നബിയെയും യേശുവിനെയും ഭരണഘടനയെയും പാഠപുസ്തകങ്ങളിൽ നിന്നും ‘വെട്ടി' കർണാടക സർക്കാർ
text_fieldsബംഗളൂരു: കോവിഡിെൻറ പശ്ചാത്തലത്തിൽ അധ്യയന ദിനങ്ങൾ കുറയുന്നതിെൻറ പേരിൽ പാഠപുസ്തകങ്ങളിൽനിന്ന് മൈസൂരു ഭരണാധികാരികളായിരുന്ന ഹൈദരാലിയെയും ടിപ്പു സുൽത്താനെയും കർണാടക സർക്കാർ ‘വെട്ടിമാറ്റി'. പ്രവാചകൻ മുഹമ്മദ് നബി, യേശു ക്രിസ്തു എന്നിവരെകുറിച്ച് വിശദീകരിക്കുന്ന പാഠഭാഗങ്ങളും ഭരണഘടനയെക്കുറിച്ചുള്ള ഭാഗങ്ങളും പുതിയ സംസ്ഥാന ബോർഡ് സിലബസിൽനിന്നും നീക്കം ചെയ്തിട്ടുണ്ട്.
കോവിഡിനെ തുടർന്ന് സെപ്റ്റംബർ ഒന്നിന് അധ്യയനം ആരംഭിച്ച് 120 പഠന ദിവസങ്ങൾ ലഭിക്കുന്ന രീതിയിൽ സിലബസിലെ 30ശതമാനം പാഠഭാഗങ്ങൾ വെട്ടിക്കുറക്കുകയാണ് ചെയ്തതെന്നും 2020-21വർഷത്തേക്ക് മാത്രമാണിതെന്നുമാണ് കർണാടക പബ്ലിക് ഇൻസ്ട്രക്ഷൻ വകുപ്പ് വിശദീകരിക്കുന്നത്. എന്നാൽ, കോവിഡിെൻറ മറവിൽ പാഠഭാഗങ്ങളിൽനിന്നും ടിപ്പു സുൽത്താനെ പൂർണമായും ഒഴിവാക്കികൊണ്ട് ബി.ജെ.പി സർക്കാർ അവരുടെ ഹിന്ദുത്വ അജൻഡ നടപ്പാക്കുകയാണ് പ്രതിപക്ഷം ആരോപിച്ചു.
ടിപ്പു ജയന്തി ഉൾപ്പെടെ ഒൗദ്യോഗികമായി ആഘോഷിക്കുന്നത് നിർത്തലാക്കിയ ബി.ജെ.പി സർക്കാരിെല നേതാക്കൾ മുമ്പും പാഠഭാഗങ്ങളിൽനിന്ന് ടിപ്പുവിെൻറ ചരിത്രം ഒഴിവാക്കാൻ നീക്കം നടത്തിയിരുന്നു. ബി.ജെ.പി നേതാക്കളുടെ ആവശ്യത്തെതുടർന്ന് പാഠഭാഗങ്ങളിൽനിന്ന് ടിപ്പുവിനെ ഒഴിവാക്കുന്നതിന് 2019 ഡിസംബറിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ആവശ്യം തള്ളിയിരുന്നു. മൈസൂരുവിെൻറ ചരിത്രം ടിപ്പു സുൽത്താെൻറ ആമുഖം ഇല്ലാതെ അപൂർണമാണെന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കുള്ള പുതുക്കിയ സിലബസ് തിങ്കളാഴ്ചയാണ് കർണാടക ടെക്സ് ബുക്ക് സൊസൈറ്റിയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്.
ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ അഞ്ചാം അധ്യായത്തിലെയും പത്താം ക്ലാസിലെ അഞ്ചാം അധ്യായത്തിലെയും മൈസൂരുവിെൻറ ചരിത്രത്തെക്കുറിച്ചും ഹൈദരാലിയെക്കുറിച്ചും ടിപ്പു സുൽത്താനെക്കുറിച്ചും വിശദീകരിക്കുന്ന ഭാഗങ്ങളാണ് ഒഴിവാക്കിയത്. ഈ പാഠഭാഗത്തിന് പ്രത്യേക ക്ലാസ് ആവശ്യമില്ലെന്നും അസൈൻമെൻറ് നൽകുമെന്നുമാണ് വിശദീകരണം.
ഏഴാം ക്ലാസിലെ ഭരണഘടനയെക്കുറിച്ചുള്ള ഭാഗം, ആറാം ക്ലാസിലെ യേശു ക്രിസ്തുവിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും കുറിച്ചുള്ള ഭാഗം എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ച് ഒമ്പതാം ക്ലാസിൽ വീണ്ടും പഠിക്കാനുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഒഴിവാക്കിയത്. എന്നാൽ, പാഠ്യഭാഗങ്ങൾ വെട്ടിമാറ്റുന്നത് അശാസ്ത്രീയമാണെന്നും അധ്യയനവർഷം മേയിലേക്ക് നീട്ടുകയാണ് വേണ്ടതെന്ന അഭിപ്രായവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.