കർണാടക: പോരാട്ടം ഇനി ലിംഗായത്ത് മണ്ണിൽ
text_fieldsബംഗളൂരു: കർണാടകയിൽ 14 മണ്ഡലങ്ങളിൽ വിധിയെഴുതിയതോടെ ഇനി നോട്ടം വടക്കൻ കർണാടകയിലേക്ക്. ജെ.ഡി-എസ് ചിത്രത്തിലേ ഇല്ലാത്ത മേഖലയിൽ 14 മണ്ഡലങ്ങളിലും കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം. മുഴുവൻ സീറ്റും ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളാണെന്നതാണ് കൗതുകകരം.
ദാവൻകരെ, ശിവമൊഗ്ഗ, ഉത്തര കന്നഡ, ഹാവേരി, ബാഗൽകോട്ട്, ചിക്കോടി, കൊപ്പാൽ, റായ്ച്ചൂർ, ബെള്ളാരി, ധാർവാഡ്, ബെളഗാവി, വിജയപുര, കലബുറഗി, ബിദർ എന്നീ മണ്ഡലങ്ങളിൽ മേയ് ഏഴിനാണ് തെരഞ്ഞെടുപ്പ്.
ബംഗളൂരു, പഴയ മൈസൂരു അടക്കമുള്ള മേഖലകൾ ഉൾപ്പെട്ട വെള്ളിയാഴ്ചത്തെ വിധിയെഴുത്തിൽ ബി.ജെ.പിയും സഖ്യകക്ഷിയായ ജെ.ഡി-എസും തൃപ്തരല്ല. കേന്ദ്ര സർക്കാർ വരൾച്ചാസഹായം നൽകാതെ കർണാടകയിലെ കർഷകരടക്കമുള്ളവരെ ദ്രോഹിക്കുകയാണെന്നായിരുന്നു പ്രചാരണ വേദികളിൽ കോൺഗ്രസിന്റെ പ്രധാന ആരോപണം.
വരൾച്ച അതിരൂക്ഷമായി ബാധിച്ച വടക്കൻ മേഖലയിൽ പ്രചാരണം ചൂടുപിടിക്കും മുമ്പ് പേരിനെങ്കിലും ദുരിതാശ്വാസ സഹായം അനുവദിച്ചിരിക്കുകയാണ് കേന്ദ്രം. 18,174 കോടി തേടിയ സംസ്ഥാനത്തിന് ശനിയാഴ്ച 3454 കോടി അനുവദിച്ചു. ചോദിച്ചതിന്റെ 20 ശതമാനം മാത്രം! അർഹതപ്പെട്ട വിഹിതം അനുവദിക്കുന്നില്ലെന്ന പ്രചാരണത്തിനായിരിക്കും വരുംദിവസങ്ങളിൽ കോൺഗ്രസ് ഊന്നൽ നൽകുക.
സ്വതന്ത്ര സ്ഥാനാർഥിയായി മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനുമായ കെ.എസ്. ഈശ്വരപ്പ രംഗത്തിറങ്ങിയതോടെ ശിവമൊഗ്ഗയിൽ മത്സരച്ചൂടേറി. ത്രികോണ മത്സരം അരങ്ങേറുന്ന മണ്ഡലത്തിൽ ബി.ജെ.പി വോട്ടുകളിൽ വിള്ളൽ വീഴും.
യെദിയൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയാണ് സിറ്റിങ് എം.പി. ഹുബ്ബള്ളി-ധാർവാഡിൽ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിക്കെതിരെ ലിംഗായത്ത് സന്യാസി ദിംഗലേശ്വർ സ്വാമിയുടെ നേതൃത്വത്തിൽ വീരശൈവ ലിംഗായത്ത് സമുദായ നേതാക്കൾ പരസ്യമായി രംഗത്തിറങ്ങിയത് ബി.ജെ.പിക്ക് ക്ഷീണം ചെയ്യും. ഖനി അഴിമതിവീരൻ ഗാലി ജനാർദന റെഡ്ഡിയുടെ ബി.ജെ.പിയിലേക്കുള്ള മടക്കം ബെള്ളാരിയിലെ മത്സരം ശ്രദ്ധേയമാക്കും. റെഡ്ഡിയുടെ അനുയായി ബി. ശ്രീരാമുലുവാണ് ബി.ജെ.പി സ്ഥാനാർഥി.
ആഭ്യന്തര കലഹമാണ് ബി.ജെ.പിയുടെ പ്രശ്നം. പ്രചാരണം ശക്തമാക്കാൻ വടക്കൻ മേഖലയിലെ അതൃപ്തരായ പല ബി.ജെ.പി നേതാക്കളെയും കോൺഗ്രസ് തങ്ങളുടെ പാളയത്തിലെത്തിച്ചു കഴിഞ്ഞു. കലബുറഗിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണി മത്സരിക്കുമ്പോൾ, ഖാർഗെക്ക് അപ്രതീക്ഷിത തോൽവി സമ്മാനിച്ച തട്ടകം തിരിച്ചുപിടിക്കാൻ മകനും മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ പ്രചാരണം നയിക്കുന്നു.
യുവാക്കൾക്ക് പ്രാമുഖ്യം നൽകിയാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടിക തയാറാക്കിയത്. അഞ്ചു മന്ത്രിമാരുടെ മക്കൾ മേഖലയിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നെന്ന സവിശേഷതയുമുണ്ട്.
മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി (ചിക്കോടി), മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിന്റെ മകൻ മൃണാൾ രവീന്ദ്ര ഹെബ്ബാൾക്കർ (ബെളഗാവി), മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകൾ സംയുക്ത എസ്. പാട്ടീൽ (ബാഗൽകോട്ട്), ഈശ്വർഖണ്ഡ്രെയുടെ മകൻ സാഗർ ഖണ്ഡ്രെ (ബിദർ) എന്നിവർ പുതുമുഖങ്ങളായി ജനവിധി തേടും. കാൽനൂറ്റാണ്ടിനിടെ കർണാടകയിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ തിരിച്ചുവരവ് പ്രവചിക്കപ്പെടുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.