മയക്കുമരുന്ന് നിയന്ത്രിക്കാൻ കർണാടക
text_fieldsബംഗളൂരു: മയക്കുമരുന്ന് നിയന്ത്രിക്കാൻ ശക്തമായ നടപടികളുമായി കർണാടക. ഇതിനായി ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
മയക്കുമരുന്ന് വിരുദ്ധ നിയമങ്ങൾ ശക്തിപ്പെടുത്തുന്നത് പരിഗണിക്കാനും ഇവ കടത്തുന്നവർക്കുള്ള ശിക്ഷ കർശനമാക്കാനുമാണ് നിർദേശം. നിയമ സെക്രട്ടറിയുമായും അഡ്വക്കറ്റ് ജനറലുമായും ചർച്ചകൾ നടത്തിയതിന് ശേഷമായിരിക്കും നിയമത്തിന്റെ അന്തിമ ചട്ടക്കൂട് തയാറാക്കുക. സംസ്ഥാനത്തെ മയക്കുമരുന്ന് കടത്ത് നിരീക്ഷിക്കാൻ ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയന്ത്രിക്കും. പൊലീസ് സ്റ്റേഷനു കീഴിലെ മയക്കുമരുന്ന് ഉപയോഗം കൂടുതൽ നടക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി അത്തരം പ്രദേശങ്ങളിൽ മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിന് പ്രത്യേക നടപടികൾ സ്വീകരിക്കാൻ പൊലീസിനോടാവശ്യപ്പെട്ടിട്ടുണ്ട്.
നടപടികളെടുത്തിട്ടില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർക്കായിരുക്കും. സ്കൂളുകൾ, കോളജുകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ മയക്കുമരുന്ന് നിരീക്ഷിക്കാൻ വിദ്യാർഥി നയം രൂപവത്കരിക്കും. എൻ.സി.സി, എൻ.എസ്.എസ് അംഗങ്ങൾക്ക് നിരീക്ഷണ ചുമതലയുണ്ടാകും. സിന്തറ്റിക് മരുന്നുകളും സൈക്കോട്രോപിക് പദാർഥങ്ങളും അനധികൃതമായി വിൽക്കുന്നത് തടയാൻ മെഡിക്കൽ ഷോപ്പുകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ ലൈസൻസ് റദ്ദാക്കും. വിദ്യാഭ്യാസ വകുപ്പും സാമൂഹിക ക്ഷേമ വകുപ്പും ചേർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവത്കരണം നടത്തും.
സംഭവവുമായി ബന്ധപ്പെട്ട് കൃത്യനിർവഹണം നടത്താത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.