ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാൻ കർണാടക സർക്കാർ
text_fieldsബംഗളൂരു: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച് പുതിയ ഉത്തരവുമായി കർണാടക സർക്കാർ. മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ശ്രീരാമ സേന ഹനുമാൻ കീർത്തനവുമായി രംഗത്തുവന്നതിന് പിന്നാലെയാണ് സർക്കാർ ഉത്തരവിറക്കിയത്. തിങ്കളാഴ്ച പുലർച്ചെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ കീർത്തനവും ഭജനയും കേൾപ്പിച്ചത് സംഘർഷാവസ്ഥക്ക് വഴിയൊരുക്കിയിരുന്നു. ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുകയും മസ്ജിദുകളിലെ ഉച്ചഭാഷിണികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നതുവരെ ഹനുമാൻ കീർത്തന പ്രതിഷേധം തുടരുമെന്ന് ശ്രീരാമ സേന വ്യക്തമാക്കിയിരുന്നു. തുടർന്ന്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ആഭ്യന്തരവകുപ്പിലെയും നിയമ വകുപ്പിലെയും മലിനീകരണ നിയന്ത്രണ വകുപ്പിലെയും ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഉത്തരവ് പുറത്തിറക്കിയത്.
ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നത് സംബന്ധിച്ച 2000ത്തിലെ നിയമവും 2002 ആഗസ്റ്റ് 13ന് കർണാടക സർക്കാർ പുറത്തിറക്കിയ ഉത്തരവും യോഗത്തിൽ ചർച്ചചെയ്തതായും ശബ്ദ മലിനീകരണ നിയന്ത്രണ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2005 ജൂലൈ 18നും ഒക്ടോബർ 28നും സുപ്രീംകോടതി ഉത്തരവുകൾ പ്രാബല്യത്തിൽ വരുത്തുന്നതായും ഉത്തരവിൽ പറയുന്നു. ശബ്ദ മലിനീകരണ നിയന്ത്രണ നിയമത്തിലെ ചട്ടം മൂന്ന് (ഒന്ന്) പ്രകാരം, രാവിലെ ആറു മുതൽ രാത്രി 10 വരെ 'പകൽ സമയമായും' രാത്രി 10 മുതൽ രാവിലെ ആറു വരെ 'രാത്രി സമയമായും' ആണ് നിർവചിച്ചിരിക്കുന്നത്. ചട്ടം അഞ്ച് (ഒന്ന്) പ്രകാരം, ഉച്ചഭാഷിണിയോ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന മറ്റു സംവിധാനങ്ങളോ ബന്ധപ്പെട്ട അധികൃതരിൽനിന്നുള്ള അനുമതി പ്രകാരമല്ലാതെ പ്രവർത്തിപ്പിക്കാനാവില്ല. ചട്ടം അഞ്ച് (രണ്ട്) പ്രകാരം, അടച്ചിട്ട പരിസരത്ത് നിബന്ധനകളോടെ പ്രവർത്തിക്കുന്നതൊഴികെ മറ്റു ഉച്ചഭാഷിണികളോ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന മറ്റു സംവിധാനങ്ങളോ ശബ്ദം പുറപ്പെടുവിക്കുന്ന മറ്റു ഉപകരണങ്ങളോ പ്രവർത്തിപ്പിക്കുന്നത് തടഞ്ഞിട്ടുണ്ട്.
ശബ്ദ മലിനീകരണ നിയന്ത്രണ നിയമം സംബന്ധിച്ച് 2002 ആഗസ്റ്റ് 13ന് കർണാടക സർക്കാർ പുറത്തിറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നാണ് സർക്കാറിന്റെ പുതിയ ഉത്തരവിൽ മുഖ്യമന്ത്രിയുടെ നിർദേശം. ഉച്ചഭാഷിണികളും മറ്റും ഉപയോഗിക്കുന്നവർ ബന്ധപ്പെട്ട അധികൃതരിൽനിന്ന് 15 ദിവസത്തിനകം രേഖാമൂലം അനുമതി വാങ്ങണം. അനുമതി വാങ്ങാത്തവർ അവ സ്വയം നീക്കിയില്ലെങ്കിൽ അധികൃതർ നീക്കം ചെയ്യും. ഉച്ചഭാഷിണികൾ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ വിവിധ തലത്തിൽ കമ്മിറ്റികൾ രൂപവത്കരിക്കുമെന്നും ചീഫ് സെക്രട്ടറി പി. രവികുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
അതേസമയം, മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗവുമായി ബന്ധപ്പെട്ട് നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാൻ കർണാടക അമീറെ ശരുഅത്ത് മൗലാന സഗീർ അഹമ്മദ് റഷാദി മുസ്‍ലിംകളോട് അഭ്യർഥിച്ചു. എല്ലാ പള്ളികളിലെയും ഉച്ചഭാഷിണി സംവിധാനത്തിൽ ശബ്ദ നിയന്ത്രണ ഉപകരണം അടിയന്തരമായി സ്ഥാപിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പള്ളികൾക്ക് മുന്നിൽ ഹനുമാൻ കീർത്തനം സംഘടിപ്പിച്ചാലും യുവാക്കൾ സംയമനം പാലിക്കണമെന്നും ഈ കാലം മുസ്‍ലിംകളിൽനിന്ന് ആവശ്യപ്പെടുന്നത് ക്ഷമയും ശാന്തതയുമാണെന്നും അദ്ദേഹം ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.