ദലിത് കോളനിയിലൂടെ എഴുന്നള്ളിപ്പ് വേണമെന്ന് അഭ്യർഥിച്ചയാൾക്ക് അര ലക്ഷം രൂപ പിഴ
text_fieldsബംഗളൂരു: ഗ്രാമത്തിലെ അമ്പലത്തിൽനിന്നുള്ള എഴുന്നള്ളിപ്പ് ദലിത് കോളനിയിലൂടെ വേണമെന്ന് അഭ്യർഥന നടത്തിയ ദലിത് കുടുംബനാഥന് വില്ലേജ് പഞ്ചായത്ത് 50001 രൂപ പിഴയിട്ടു. ഇൗ ആവശ്യമുന്നയിച്ച കത്ത് താലൂക്ക് തഹസിൽദാർക്ക് എത്തിച്ചു നൽകിയയാൾക്ക് 10,001 രൂപയും പിഴ ചുമത്തി. പിഴയടക്കുന്നതുവരെ കുടുംബനാഥെൻറ ഗ്രാമത്തിലെ ജോലി തടയുമെന്നും പ്രഖ്യാപിച്ചതോടെ ഭാര്യയുടെ സ്വർണം പണയം വെച്ച് ഒടുവിൽ പിഴത്തുക ഒടുക്കുകയായിരുന്നു. കർണാടക - കേരള അതിർത്തിയിലെ ചാമരാജ് നഗർ ജില്ലയിലാണ് ദലിത് വിവേചനത്തിെൻറ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
എല്ലാവർഷവും ദസറ ആഘോഷകാലത്ത് വിജയദശമി ദിനത്തിൽ ചാമരാജ് നഗറിലെ യെലന്ദൂർ ഹൊന്നൂർ വില്ലേജിൽ ചാമുണ്ഡേശ്വരി ദേവിയുടെ എഴുന്നള്ളിപ്പ് ചടങ്ങ് സംഘടിപ്പിക്കാറുണ്ട്. ഗ്രാമത്തിലെ ദലിത് കോളനിയിലെ വഴികൾ ഒഴിവാക്കിയാണ് എഴുന്നള്ളിപ്പ് നടക്കുക. ഇത്തവണ ഇതുസംബന്ധിച്ച ആലോചനായോഗത്തിൽ തങ്ങളുടെ കോളനിയിലൂടെയും എഴുന്നള്ളിപ്പ് വേണമെന്ന് ആവശ്യപ്പെട്ടതാണ് വിവാദ സംഭവത്തിനിടയാക്കിയത്. ദലിത് സംഘർഷ സമിതി പ്രവർത്തകനും കർഷകനുമായ നിംഗരാജുവാണ് വില്ലേജ് പഞ്ചായത്ത് അംഗങ്ങളും തഹസിൽദാറും പെങ്കടുത്ത യോഗത്തിൽ ആവശ്യമുന്നയിച്ചത്. മുസ്റെ വകുപ്പിന് കീഴിലുള്ള ക്ഷേത്രം എല്ലാവർക്കുമുള്ളതാണെന്ന് നിംഗരാജു ചൂണ്ടിക്കാട്ടി. വർഷങ്ങളായുള്ള പാരമ്പര്യം തെറ്റിക്കാനാവില്ലെന്ന് പറഞ്ഞ് വില്ലേജ് പഞ്ചായത്തംഗങ്ങൾ ഇൗ ആവശ്യം നിരസിച്ചു. പിറ്റേദിവസം ഇതുസംബന്ധിച്ച് നിംഗരാജു തയാറാക്കിയ അപേക്ഷ സുഹൃത്തായ ശങ്കർ മൂർത്തി തഹസിൽദാർക്ക് ൈകമാറി. ക്ഷുഭിതരായ വില്ലേജ് പഞ്ചായത്തംഗങ്ങൾ ഇരുവർക്കും പിഴ ചുമത്തുകയും പിഴയടച്ചില്ലെങ്കിൽ ഗ്രാമത്തിൽനിന്ന് ബഹിഷ്കരിക്കുമെന്ന് അറിയിക്കുകയുമായിരുന്നു. കുടുംബാംഗങ്ങളുടെ കൂടി നിർബന്ധത്തിന് വഴങ്ങി ഇരുവരും പിഴയടച്ചു.
ഹൊന്നൂർ ഗ്രാമത്തിൽ 80 ശതമാനം ദലിതരും 20 ശതമാനം മറ്റു ജാതിക്കാരുമാണ് കഴിയുന്നത്. 22 ദലിത് കുടുംബങ്ങൾക്ക് ഗ്രാമത്തിലെ ഒരു പ്രധാന റോഡിലൂടെ മാത്രമാണ് ഇപ്പോഴും സഞ്ചാരം അനുവദിക്കുന്നതെന്നും ഗ്രാമത്തിൽ മറ്റു ജാതിക്കാരുമായി ഇടപഴകാൻ അനുവദിക്കില്ലെന്നും നിംഗരാജു പറഞ്ഞു. ഗ്രാമത്തിലെ കടകളിൽ ദലിതുകൾക്കുള്ള സാധനങ്ങൾ നേരിട്ട് നൽകാതെ പ്രത്യേകം സ്ഥലത്തുവെക്കുകയാണ് ചെയ്യുകയെന്നും 22 കുടുംബങ്ങളിലെയും അംഗങ്ങൾക്കുമാത്രം ഹോട്ടലിൽ ഭക്ഷണം നൽകുന്നത് ഉപയോഗിച്ചു വലിച്ചെറിയുന്ന പാത്രത്തിലാണെന്നും അവർ ചൂണ്ടിക്കാട്ടി. സർക്കാറിെൻറ മുസ്റെ വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തിൽപോലും തങ്ങൾക്ക് തുല്യനീതി ലഭിക്കാത്തതെന്താണെന്ന് നിംഗരാജു ചോദിക്കുന്നു.
സംഭവത്തലിടപെടണമെന്ന് തഹസിൽദാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈകാതെ പഞ്ചായത്ത് അംഗങ്ങളുമായി യോഗം വിളിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും നിംഗരാജു പറഞ്ഞു. കഴിഞ്ഞകാലങ്ങളിലൊക്കെ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളൊക്കെ തള്ളിക്കളയുകയായിരുന്നെന്നും എന്നാൽ, തങ്ങളുടെ മക്കളെങ്കിലും ഇൗ വിവേചനത്തിൽനിന്ന് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഇപ്പോൾ ശബ്ദമുയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമത്തിലെ ദലിത് വിവേചനത്തിനെതിരെ മുമ്പും ചില കുടുംബങ്ങൾ പരാതിപ്പെട്ടിരുന്നെന്നും ഒൗദ്യോഗികമായി പരാതി ലഭിച്ച സ്ഥിതിക്ക് അടുത്തയാഴ്ച ഗ്രാമത്തിൽ യോഗം വിളിച്ചുചേർത്ത് പ്രശ്നപരിഹാരം കാണുമെന്നും യെലന്ദൂർ തഹസിൽദാർ സുദർശൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.