കർണാടകയിൽ ബി.ജെ.പിക്ക് തിരിച്ചടി; രണ്ട് മുൻ എം.എൽ.എമാരും മുൻ മേയറും കോൺഗ്രസിൽ
text_fieldsബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, അഴിമതിയാരോപണത്തിൽ പ്രതിരോധത്തിലായ ബി.ജെ.പിക്ക് വീണ്ടും പ്രഹരമായി കൊഴിഞ്ഞുപോക്ക്. പാർട്ടിയുടെ രണ്ട് മുൻ എം.എൽ.എമാരും മൈസൂരു മുൻ മേയറും കോൺഗ്രസിൽ ചേർന്നു. കൊല്ലഗൽ മുൻ എം.എൽ.എയും എസ്.സി മോർച്ച വൈസ് പ്രസിഡന്റുമായ ജി.എൻ. നഞ്ചുണ്ട സ്വാമി, വിജയപുര മുൻ എം.എൽ.എ മനോഹർ ഐനാപൂർ, മൈസൂരു മുൻ മേയർ പുരുഷോത്തം എന്നിവരാണ് ബി.ജെ.പി വിട്ടത്.
1999 ൽ കൊല്ലഗലിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എയായിരുന്നു നഞ്ചുണ്ടസ്വാമി. പിന്നീട് ബി.ജെ.പിയിൽ ചേർന്ന ഇദ്ദേഹം ദലിതർക്കിടയിൽ സ്വാധീനമുള്ള നേതാവാണ്. ചാമരാജ് നഗറിൽ ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഞായറാഴ്ച ബി.ജെ.പി അംഗത്വം രാജിവെച്ച അദ്ദേഹം കൊല്ലഗലിൽ കോൺഗ്രസ് സ്ഥാനാർഥിയായേക്കും. ബി.എസ്.പി അംഗമായിരുന്ന എൻ. മഹേഷാണ് സിറ്റിങ് എം.എൽ.എ. ഇദ്ദേഹം 2021ൽ ബി.ജെ.പിയിൽ ചേർന്നിരുന്നു. വിജയപുര ബല്ലോളിയിൽനിന്നുള്ള മുൻ എം.എൽ.എയായ മനോഹർ ഐനാപുർ മേഖലയിലെ വോട്ടുബാങ്കായ ബൻജാര സമുദായത്തിൽ സ്വാധീനമുള്ള നേതാവാണ്.
ചൊവ്വാഴ്ച ക്യൂൻസ് റോഡിലെ കെ.പി.സി.സി ആസ്ഥാനത്ത് പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇവർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.