കർണാടക നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച ജയം
text_fieldsബംഗളൂരു: കർണാടകയിലെ നഗര തദ്ദേശ-മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ മറികടന്ന് കോൺഗ്രസിന് മികച്ച നേട്ടം. 58 നഗര തദ്ദേശ ഭരണസ്ഥാപനങ്ങളിലെ 1184 സീറ്റുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 498ഉം ബി.ജെ.പി 437ഉം ജെ.ഡി-എസ് 45ഉം സീറ്റ് നേടി. മറ്റു പാർട്ടികളും സ്വതന്ത്രരുമായി 204 സീറ്റ് പങ്കിട്ടു. സംസ്ഥാനത്തെ ഭരണകക്ഷിയായ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് തിരിച്ചടിയായി. 2023ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിന്റെ ശക്തിപ്രകടനം കൂടിയായി ഫലം.
അഞ്ച് സിറ്റി മുനിസിപ്പൽ കൗൺസിലായി 166 വാർഡുകളിലും 19 ടൗൺ മുനിസിപ്പൽ കൗൺസിലിലായി 441 വാർഡുകളിലും 34 പട്ടണ പഞ്ചായത്തുകളിലായി 577 വാർഡുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. സിറ്റി മുനിസിപ്പൽ കൗൺസിലിൽ ബി.ജെ.പി 67ഉം കോൺഗ്രസ് 61ഉം ജെ.ഡി-എസ് 12ഉം മറ്റുള്ളവർ 26ഉം സീറ്റ് നേടി. ടൗൺ മുനിസിപ്പൽ കൗൺസിലിൽ കോൺഗ്രസ് 201ഉം ബി.ജെ.പി 176ഉം ജെ.ഡി-എസ് 21ഉം മറ്റുള്ളവർ 43ഉം സീറ്റിൽ ജയിച്ചു. പട്ടണ പഞ്ചായത്തിൽ കോൺഗ്രസ് 236ഉം ബി.ജെ.പി 194ഉം ജെ.ഡി-എസ് 12ഉം മറ്റുള്ളവർ 135ഉം സീറ്റിൽ വിജയികളായി. 42.06 ശതമാനം വോട്ട് കോൺഗ്രസിന് ലഭിച്ചപ്പോൾ ബി.ജെ.പി 36.90 ശതമാനത്തിലൊതുങ്ങി. ജെ.ഡി-എസിന് 3.80 ശതമാനവും മറ്റുള്ളവർക്ക് 17.22 ശതമാനവും വോട്ട് ലഭിച്ചു. മികച്ച വിജയം നേടിയ കർണാടക കോൺഗ്രസിനെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. സർക്കാറിനെ കുറിച്ച ജനങ്ങളുടെ പ്രതീക്ഷയില്ലായ്മയുടെ പ്രതിഫലനമാണ് നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.