ഇന്നുമുതൽ ബംഗളൂരുവിലും കർണാടകയിലെ മറ്റു ജില്ലകളിലും അൺലോക്ക്
text_fieldsബംഗളൂരു: കർണാടകയിലെ കോവിഡ് വ്യാപനം കുറഞ്ഞ ബംഗളൂരു അർബൻ ഉൾപ്പെടെയുള്ള ജില്ലകളിൽ തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ. ലോക്ക് ഡൗണിലെ ആദ്യ അൺലോക്ക് പ്രക്രിയയാണ് ഇന്ന് മുതൽ ആരംഭിച്ചത്. ജൂൺ 21വരെയായിരിക്കും ഇളവുകൾ. അതേസമയം, വ്യാപനം കുടൂതലുള്ള 11 ജില്ലകളിൽ ജൂൺ 21വരെ ലോക്ക്ഡൗൺ തുടരും. ബംഗളൂരുവിൽ ഉൾപ്പെടെ ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ അതുപോലെ തുടരുമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും അധികൃതർ അറിയിച്ചു.
വ്യവസായ സ്ഥാപനങ്ങൾക്ക് മാത്രമാണ് 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാൻ അനുമതിയുള്ളത്. മറ്റു സ്ഥാപനങ്ങൾക്ക് പ്രവർത്താനുമതിയുണ്ടാകില്ല. അൺലോക്ക് പ്രക്രിയ ആരംഭിക്കുന്നതോടെ സംസ്ഥാനത്തേക്കും പ്രത്യേകിച്ച് ബംഗളൂരുവിലേക്ക് തിരിച്ചെത്തുന്ന കുടിയേറ്റ തൊഴിലാളികളെയും മറ്റു ജനങ്ങളെയും കോവിഡ് പരിശോധന നടത്തുന്നതിനായി ആരോഗ്യവകുപ്പിന് നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. രോഗ സ്ഥിരീകരണ നിരക്ക് കുറയുന്ന ജില്ലകളിൽ ലോക്ക് ഡൗണിൽ ഇളവ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ശിവമൊഗ്ഗ, ദാവൻഗരെ, മൈസൂരു, ചാമരാജ്നഗർ, ഹാസൻ, ദക്ഷിണ കന്നട, ബംഗളൂരു റൂറൽ, മാണ്ഡ്യ, ബെളഗാവി, കുടക് എന്നീ 11 ജില്ലകളിലാണ് ജൂൺ 21വരെ ലോക്ക് ഡൗൺ നീട്ടിയത്. ബംഗളൂരു അർബൻ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മറ്റു ജില്ലകളിലാണ് തിങ്കളാഴ്ച രാവിലെ മുതൽ ഇളവുകൾ നൽകി തുടങ്ങുക. ഇളവുകളുണ്ടെങ്കിലും 21വരെ പൊതുഗതാഗതം ഉണ്ടാകില്ല. ബി.എം.ടി.സി, മെട്രോ ട്രെയിൻ സർവീസുണ്ടാകില്ല. അവശ്യവസ്തുക്കൾ രാവിലെ ആറു മുതൽ രണ്ടുവരെ തുറക്കാം. കെട്ടിട നിർമാണ പ്രവൃത്തി തുടരാം. രണ്ടു യാത്രക്കാരുമായി ഒാട്ടോ, ടാക്സി സർവീസുകൾ നടത്താം.
പ്രഭാത സവാരിക്കായി രാവിലെ അഞ്ചു മുതൽ പത്തുവരെ പാർക്കുകൾ തുറക്കാം. തെരുവു കച്ചവടക്കാർക്ക് രാവിലെ ആറു മുതൽ ഉച്ചക്ക് രണ്ടുവരെ കച്ചവടം നടത്താം. വ്യവസായ സ്ഥാപനങ്ങൾക്ക് 50ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. ഗാർമൻറ് ഫാക്ടറികൾക്ക് 30ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. ഇളവുകളുള്ള ജില്ലകളിൽ എല്ലാ ദിവസവും രാത്രി ഏഴു മുതൽ രാവിലെ അഞ്ചുവരെ രാത്രി കർഫ്യൂ ഉണ്ടാകും. വെള്ളിയാഴ്ച രാത്രി ഏഴു മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുവരെ വാരാന്ത്യ കർഫ്യൂ ഉണ്ടാകും.
ഇതിനിടെ, ഇളവുകൾ പ്രഖ്യാപിച്ചതോടെ ബംഗളൂരുവിലേക്ക് കുടിയേറ്റ തൊഴിലാളികൾ തിരിച്ചുവന്നുതുടങ്ങി. മറ്റു ജില്ലകളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ബംഗളൂരുവിലേക്ക് റോഡ് മാർഗവും ട്രെയിൻ മാർഗവും ആയിരകണക്കിന് പേരാണ് വരുന്നത്. ടോൾ പ്ലാസകളിലും റെയിൽവെ സ്റ്റേഷനുകളിലും ഞായറാഴ്ച വൻതിരക്കാണ് അനുഭവപ്പെട്ടത്. ബംഗളൂരുവിലേക്ക് പലയിടങ്ങളിൽനിന്നായി നിരവധി പേർ തിരിച്ചെത്തുന്നത് വീണ്ടും വ്യാപനത്തിന് കാരണമാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.