മുഹമ്മദ് ഷാഫി സഅദിയുടെ വഖഫ് അധ്യക്ഷപദവി ബി.ജെ.പിയുടെ ചരിത്രനേട്ടമെന്ന് കർണാടക മന്ത്രി
text_fieldsബംഗളൂരു: കർണാടക വഖഫ് ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മൗലാന എൻ.കെ. മുഹമ്മദ് ഷാഫി സഅദി ബി.ജെ.പി സ്ഥാനാർഥിയാണെന്നും വിജയം ബി.ജെ.പിയുടെ ചരിത്രനേട്ടമാണെന്നും വഖഫ് മന്ത്രി ശശികല ജോലെ. മംഗളൂരു സ്വദേശിയായ മുഹമ്മദ് ഷാഫി സഅദി കർണാടക സ്റ്റേറ്റ് മുസ്ലിം ജമാഅത്തിെൻറ ജനറൽ സെക്രട്ടറിയാണ്. 2010, 2016 വർഷങ്ങളിൽ എസ്.എസ്.എഫ് കർണാടക പ്രസിഡൻറായിരുന്നു. കഴിഞ്ഞദിവസം അധ്യക്ഷ സ്ഥാനമേറ്റതിനു പിന്നാലെ ഷാഫി സഅദിയെ വകുപ്പുമന്ത്രി ശശികല ജോലെ, നിയമമന്ത്രി ജെ.സി. മധുസ്വാമി എന്നിവർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മന്ത്രി ശശികല ജോലെ ഷാഫി സഅദിയുടെ വിജയം ബി.െജ.പിയുടെ ചരിത്രനേട്ടമാണെന്ന് കുറിച്ചു. ചിത്രങ്ങൾ അടങ്ങുന്ന കന്നട മാധ്യമറിപ്പോർട്ടുകളും പോസ്റ്റ് ചെയ്ത ശശികല ജോലെ, ഷാഫി സഅദി ബി.ജെ.പി സ്ഥാനാർഥിയാണെന്ന് ആവർത്തിച്ചു.
സമുദായത്തിൽ സൽപേരുള്ള വ്യക്തിയായ അേദ്ദഹത്തിന് ബി.ജെ.പിക്കും മുസ്ലിം സമുദായത്തിനുമിടയിലെ വിടവ് തീർക്കാനാവുമെന്നും ഇക്കാലത്ത് അതാണാവശ്യമെന്നും മന്ത്രി മധുസ്വാമി പറഞ്ഞു. വഖഫ് സ്വത്തുക്കളിലെ കൈയേറ്റം ഒഴിപ്പിക്കാനും തീർപ്പാക്കാതെ കിടക്കുന്ന ഫയലുകളിൽ നടപടിയെടുക്കാനും കർണാടക സർക്കാർ അദ്ദേഹത്തിെൻറ ഭരണകാലയളവിൽ പിന്തുണ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. വഖഫ് ബോർഡ് തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് നേരിട്ട് മത്സരിക്കാനാവില്ലെങ്കിലും ബി.ജെ.പി നോമിനിയായാണ് ഷാഫി സഅദി മത്സരിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ബി.ജെ.പി മന്ത്രിമാരുടെ പ്രസ്താവനകൾ. അതേസമയം, ഇൗ വിഷയത്തിൽ ഷാഫി സഅദിയോട് 'മാധ്യമം'പ്രതികരണം തേടിയെങ്കിലും ലഭിച്ചില്ല.
ഇൗ വർഷമാദ്യം നടന്ന കർണാടക വഖഫ് ബോർഡ് ചെയർമാൻ തെരഞ്ഞെടുപ്പിൽ വിജയിച്ച ഡോ. മുഹമ്മദ് യൂസുഫ് കോവിഡ് ബാധിതനായി മരണെപ്പട്ടതോടെയാണ് പദവിയിൽ ഒഴിവുവന്നത്. ബാർ കൗൺസിൽ അംഗമായ അഡ്വ. ആസിഫ് അലി ഷെയ്ക്ക് ഹുസൈനും ശാഫി സഅദിയും തമ്മിലായിരുന്നു മത്സരം. 10 അംഗങ്ങളിൽ ശാഫി സഅദിക്ക് ആറും ആസിഫ് അലിക്ക് നാലും വോട്ട് ലഭിച്ചു. വഖഫ് ബോർഡ് ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് മുസമ്മിൽ ഹരജി കർണാടക ഹൈകോടതി തള്ളിയതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഹരജിക്കാരന് വേണമെങ്കിൽ മൂന്നു മാസത്തിനകം വഖഫ് ട്രൈബ്യൂണലിൽ പരാതി ഉന്നയിക്കാമെന്നും കോടതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.