'ഡെയർ ഡെവിൾ മുസ്തഫ'ക്ക് നികുതിയിളവുമായി കർണാടക; വിദ്വേഷം ഇല്ലാതാക്കി സ്‌നേഹം പങ്കിടുന്നവരെ പിന്തുണക്കാമെന്ന് സിദ്ധരാമയ്യ
text_fieldsപൊതുജനങ്ങളിൽനിന്ന് പണം പിരിച്ച് നിർമിച്ച കന്നഡ ചിത്രം 'ഡെയർ ഡെവിൾ മുസ്തഫ'ക്ക് നികുതിയിളവ് അനുവദിച്ച് കർണാടക സർക്കാർ. മതസൗഹാർദം പ്രമേയമാക്കിയ ചിത്രം പ്രമുഖ കഥാകൃത്ത് പൂർണചന്ദ്ര തേജസ്വിയുടെ കഥയെ അടിസ്ഥാനമാക്കി ശശാങ്ക് സൊഹ്ഗലാണ് സംവിധാനം ചെയ്തത്. നിർമാതാക്കളെ കിട്ടാത്തതിനാൽ സമൂഹ മാധ്യമങ്ങളിലൂടെ ജനകീയ ഫണ്ട് ശേഖരണത്തിലൂടെയാണ് ചിത്രം പൂർത്തിയാക്കിയത്. ധാലി ധനഞ്ജയയുടെ ‘ധാലി പിക്ചേർഴ്സ് നിർമാണ പങ്കാളിയായി എത്തുകയും കെ.ആർ.ജി സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കുകയും ചെയ്തു.
ചിത്രത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് അണിയറപ്രവർത്തകർ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടിരുന്നു. ‘ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും അടിത്തറയിൽ സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള മനസ്സാണ് ഇന്നത്തെ കാലഘട്ടത്തിൽ വേണ്ടത്. ഇത്തരമൊരു ദൗത്യം ഏറ്റെടുത്ത സിനിമ ടീമിന് അഭിനന്ദനങ്ങൾ. വിദ്വേഷം ഇല്ലാതാക്കുകയും സ്‌നേഹം പങ്കിടുകയും ചെയ്യുന്നവരെ നമുക്ക് പിന്തുണക്കാം’, നികുതി ഇളവ് അനുവദിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.
1970കളിലെ കഥയാണ് ചിത്രം പറയുന്നത്. ഹിന്ദു വിദ്യാർഥികൾ കൂടുതലുള്ള കോളജിൽ പഠിക്കാനെത്തിയ മുസ്‌ലിം വിദ്യാർഥിയുടെ കഥയാണ് പ്രമേയമാക്കുന്നത്. ഏറെ വിവാദമായ ‘കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിന് അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ നികുതിയിളവ് അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.