കർണാടകയുടെ വിധിനിർണയിക്കുന്ന വൊക്കലിഗ ഹൃദയഭൂമി
text_fieldsബംഗളൂരു: ഓരോ തെരഞ്ഞെടുപ്പ് കഴിയുംതോറും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ജനതാദൾ- സെക്കുലറിന് (ജെ.ഡി-എസ്) ഇത്തവണ കർണാടകയിൽ ബി.ജെ.പിക്കൊപ്പമുള്ള മത്സരം നിലനിൽപിന്റെ പോരാട്ടമാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം സഖ്യമായി മത്സരിച്ച് പരാജയപ്പെട്ട പരീക്ഷണം ഇത്തവണ ബി.ജെ.പിക്കൊപ്പം ആവർത്തിക്കുമ്പോൾ എച്ച്.ഡി. ദേവഗൗഡയുടെ മുഴുവൻ പ്രതീക്ഷയും വൊക്കലിഗ ഹൃദയഭൂമിയായ പഴയ മൈസൂരു മേഖലയിലാണ്.
കോൺഗ്രസിന്റെയും ജെ.ഡി-എസിന്റെയും ശക്തികേന്ദ്രമാണ് ഈ മേഖല. വടക്കൻ കർണാടകയിൽ ലിംഗായത്ത് സമുദായം നിർണായകമെന്നതുപോലെ ഇവിടം വൊക്കലിഗ സമുദായത്തിന്റെ സാന്നിധ്യ മേഖലയാണ്. കർഷക സമുദായമായ വൊക്കലിഗരുടെ ബലത്തിലാണ് കർഷക പാർട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ജെ.ഡി-എസ് ഇത്രയും കാലം കർണാടക രാഷ്ട്രീയത്തിൽ നിലനിന്നത്.
എന്നാൽ, കർഷകരെ മറന്ന് കുടുംബത്തിലേക്ക് മാത്രം ശ്രദ്ധയൂന്നിയ ദേവഗൗഡയും മകൻ കുമാരസ്വാമിയും കാൽചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് തടയാനാവാതെയാണ് എൻ.ഡി.എയിൽ അഭയം തേടിയിരിക്കുന്നത്. ജെ.ഡി-എസിനെ നെടുകെ പിളർത്തിയ സഖ്യതീരുമാനം ദേവഗൗഡയുടെ കുടുംബത്തേക്കാളുപരി ബി.ജെ.പിക്കാണ് ഗുണം ചെയ്യുക എന്നറിയാൻ ജൂൺ നാല് വരെ കാത്തിരിക്കേണ്ട.
ലോക്സഭ തെരഞ്ഞെടുപ്പിന് കർണാടകയിൽ മാത്രമുള്ള സഖ്യമെന്നായിരുന്നു ദേവഗൗഡ തുടക്കത്തിൽ വിശദീകരിച്ചത്. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സഖ്യം തുടരുമെന്ന് ബി.ജെ.പി നേതാവ് ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കുമ്പോൾ വൊക്കലിഗ ബെൽറ്റിൽ ദീർഘമായ ഭാവി പദ്ധതികളാണ് ബി.ജെ.പിയുടെ പ്ലാനെന്ന് വ്യക്തം. കർണാടക ജനസംഖ്യയുടെ 16 ശതമാനം വരും വൊക്കലിഗർ.
കർണാടകയിൽ ഏപ്രിൽ 26ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിൽ എട്ടും ഉൾപ്പെടുന്നത് പഴയ മൈസൂരു മേഖലയിലാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തരംഗത്തിനിടയിലും ജെ.ഡി-എസിനും കോൺഗ്രസിനും ഓരോ സീറ്റ് നൽകി മാനം കാത്തത് ഈ മേഖലയായിരുന്നു. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇവിടെയുള്ള 61 സീറ്റിൽ 42 ഉം കോൺഗ്രസ് പിടിച്ചിരുന്നു.
ജെ.ഡി-എസിന് 13 ഉം ബി.ജെ.പിക്ക് നാലും സീറ്റ് ലഭിച്ചു. ഒരു സീറ്റിൽ കോൺഗ്രസ് പിന്തുണച്ച കർഷക പാർട്ടി പ്രതിനിധിയും ഒരെണ്ണം സ്വതന്ത്രനും നേടി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രിയും കർണാടക കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിന്റെയും തട്ടകംകൂടിയാണിത്.
ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാവുമെന്ന് പ്രതീക്ഷിച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ വൊക്കലിഗ വോട്ടുകൾ കോൺഗ്രസിലേക്ക് കേന്ദ്രീകരിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലും കോൺഗ്രസ് നേട്ടം ആവർത്തിച്ചാൽ അത് പുലരുമെന്ന സൂചനയാണ് ശിവകുമാർ വൊക്കലിഗ കേന്ദ്രങ്ങൾക്ക് നൽകുന്നത്.
വൊക്കലിഗ കേന്ദ്രങ്ങളിൽ ജെ.ഡി-എസിന്റെ തണലിൽ ബി.ജെ.പി നടത്തുന്ന നുഴഞ്ഞുകയറ്റം കോൺഗ്രസിന്റെ സമാധാനം കെടുത്തുന്നുണ്ട്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ 14 എൻ.ഡി.എ സ്ഥാനാർഥികളെയും കൊണ്ട് കർണാടകയിലെ പുതുവർഷമായ ഉഗാദി ദിനത്തിൽ കുമാരസ്വാമി, പ്രശസ്ത വൊക്കലിഗ മഠമായ ആദി ചുഞ്ചനഗിരിയിലെത്തി സ്വാമി നിർമലാനന്ദനാഥ സ്വാമിയുടെ അനുഗ്രഹം തേടിയിരുന്നു.
വൊക്കലിഗ മഠങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് വിലകെട്ട രാഷ്ട്രീയമാണെന്ന് ബി.ജെ.പി എം.പിയും വൊക്കലിഗ നേതാവുമായ സദാനന്ദ ഗൗഡ തന്നെ പരസ്യ വിമർശനമുന്നയിച്ചു. 2019ൽ വൊക്കലിഗ മുഖ്യമന്ത്രിയെ ഓപറേഷൻ താമരയിലൂടെ വീഴ്ത്തിയവരാണ് ഇപ്പോൾ സമുദായ മഠത്തിൽ അഭയം തേടുന്നതെന്ന് ഡി.കെ. ശിവകുമാറും വിമർശിച്ചു.
ഇത്തവണ ജെ.ഡി-എസ് മത്സരിക്കുന്ന മൂന്നു സീറ്റുകളിൽ രണ്ടെണ്ണത്തിലും ദേവഗൗഡ കുടുംബമാണ്. മാണ്ഡ്യയിൽ മകൻ എച്ച്.ഡി. കുമാരസ്വാമിയും ഹാസനിൽ പൗത്രൻ പ്രജ്വൽ രേവണ്ണയും. കോൺഗ്രസിന്റെ ഏക സിറ്റിങ് സീറ്റായ ബംഗളൂരു റൂറലിൽ ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷിനെതിരെ ദേവഗൗഡയുടെ മരുമകനും പ്രശസ്ത കാർഡിയോളജിസ്റ്റുമായ ഡോ. സി.എൻ. മഞ്ജുനാഥിനെ ബി.ജെ.പി ചിഹ്നത്തിലും മത്സരിപ്പിക്കുന്നു.
വൊക്കലിഗ സമുദായത്തിന്റെ രാഷ്ട്രീയ കടിഞ്ഞാണിനായി ഗൗഡ കുടുംബവും ഡി.കെ. ശിവകുമാറും നടത്തുന്ന ഒളിപ്പോരുകൂടിയാണ് ഈ തെരഞ്ഞെടുപ്പ്. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് നിയമസഭ തെരഞ്ഞെടുപ്പിലെന്നപോലെ ലോക്സഭ തെരഞ്ഞെടുപ്പിലും പ്രചാരണത്തിൽ ഒറ്റക്കെട്ടായ ശിവകുമാറും സിദ്ധരാമയ്യയും ചേർന്ന് പഴയ മൈസൂരു തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.