കേരള അതിർത്തി അടച്ചത് അസംബന്ധം; യെദ്യൂരപ്പ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈകോടതി
text_fieldsബംഗളൂരു: കേരളത്തിൽനിന്നുള്ളവർക്ക് കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവിനെ തുടർന്ന് അതിർത്തികൾ അടച്ചിട്ട നടപടിയിൽ കർണാടകയിലെ യെദ്യൂരപ്പ സർക്കാറിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഹൈകോടതി. ദക്ഷിണ കന്നട ജില്ലക്കും കാസർകോട് ജില്ലക്കുമിടയിൽ 25 എൻട്രി പോയൻറുകളുണ്ടായിട്ടും നാല് അതിർത്തികളിലൂടെ മാത്രമാണ് യാത്ര അനുവദിക്കുന്നതെന്നും ഏത് നിയമത്തിെൻറ അടിസ്ഥാനത്തിലാണ് അതിർത്തികൾ അടക്കുന്നതെന്നും കർണാടക ഹൈകോടതി ചോദിച്ചു.
കേന്ദ്ര സർക്കാറിെൻറ ഉത്തരവുകൾക്ക് വിരുദ്ധമായാണ് ഇത്. ഇത്തരം നടപടി ശുദ്ധ അസംബന്ധമാണ് -ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒാഖ, ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടി എന്നിവരടങ്ങിയ ഹൈകോടതി ഡിവിഷൻ ബെഞ്ച് തുറന്നടിച്ചു.
യാത്രനിയന്ത്രണത്തിലെ ഉത്തരവിൽ ഇളവ് ഏർപ്പെടുത്തുമെന്ന മുൻ നിലപാട് മാറ്റിയ കർണാടക സർക്കാർ, നിയന്ത്രണം തുടരുമെന്നാണ് ചൊവ്വാഴ്ച ഹൈകോടതിയെ അറിയിച്ചത്. തുടർന്ന് ഉത്തരവിൽ ഇളവ് അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തെ േചാദ്യം ചെയ്ത ഹൈകോടതി, വിഷയത്തിൽ ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണറിൽനിന്ന് വിശദീകരണം തേടി. കേരളത്തിൽനിന്ന് വിമാനത്തിൽ കർണാടകയിലേക്ക് വരുന്ന ഒരാളോട് ബംഗളൂരു വിമാനത്താവളത്തിലൂടെ മാത്രമേ വരാൻ പാടുള്ളൂവെന്ന് പറയുമോയെന്നും ഒരു റോഡിലൂടെ മാത്രമേ പ്രവേശിക്കാൻ പാടുള്ളൂവെന്ന് എന്ത് അധികാരത്തിലാണ് പറയുന്നതെന്നും ഹൈകോടതി ചോദിച്ചു.
ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിബന്ധനയോടെ കേരളത്തിലെ മറ്റു ജില്ലകളിലെ എല്ലാ അതിർത്തികളിലൂടെയും പ്രവേശനം അനുവദിക്കുമ്പോഴും കാസർകാടുനിന്ന് ദക്ഷിണ കന്നട ജില്ലയിലേക്ക് നാലു വഴികളിലൂടെ മാത്രമാണ് പ്രവേശനം അനുവദിക്കുന്നതെന്ന ഹരജിക്കാരെൻറ വാദം പരിഗണിച്ചാണ് സർക്കാർ നടപടിയെ ഹൈകോടതി ചോദ്യം ചെയ്തത്. മറ്റു ജില്ലകളിൽനിന്നുള്ള പ്രവേശനം തടയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഒരു ജില്ലയിൽനിന്ന് മാത്രം പ്രവേശനം തടയുന്നത് ശുദ്ധ അസംബന്ധമാണെന്ന് ഹൈകോടതി വിമർശിച്ചു. കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയശേഷം ഫെബ്രുവരി 18ന് കാസർകോടുനിന്ന് ദക്ഷിണ കന്നട ജില്ലയിലേക്കുള്ള അതിർത്തികൾ അടച്ചിട്ട് ദക്ഷിണ കന്നട ജില്ല ഭരണകൂടം ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ കേരള പി.സി.സി സെക്രട്ടറി അഡ്വ. ബി. സുബ്ബയ്യറൈ സമർപ്പിച്ച ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്. കേസ് മാർച്ച് 18ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.