കർണാടകയിൽ ബജ്‌റംഗ്ദൾ പ്രവർത്തകന്‍ കൊല്ലപ്പെട്ടു: സംഭവത്തിൽ മുസ്ലിംകൾക്കും കോൺഗ്രസിനും പങ്കുണ്ടെന്ന മന്ത്രിയുടെ ആരോപണം പൊലീസ് നിഷേധിച്ചു
text_fieldsബംഗളുരു: കർണാടകയിലെ ശിവമൊഗ്ഗയിലുണ്ടായ ആക്രമണത്തിൽ ബജ്‌റംഗ്ദൾ പ്രവർത്തകന്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ നടന്ന ആക്രമണത്തിൽ 26കാരനായ ഹർഷയാണ് കൊല്ലപ്പെട്ടത്.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലംഗ അജ്ഞാതസംഘമാണ് ഹർഷയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസിനെ വിന്യസിക്കുകയും പൊതുയോഗങ്ങൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂളുകൾക്കും കോളജുകൾക്കും തൽകാലിക അവധി നൽകിയതായും അധികൃതർ അറിയിച്ചു.
ഹിജാബ് പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കെ കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി.കെ ശിവകുമാർ നടത്തിയ പരാമർശങ്ങളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സംസ്ഥാന ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പ ആരോപിച്ചു.
എന്നാൽ, ഹിജാബ് വിവാദവുമായി കൊലപാതകത്തിന് പങ്കുണ്ടെന്ന ആരോപണം പൊലീസ് നിഷേധിച്ചു. ഹർഷയും കൊലപാതകികളും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നെന്നും വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണമെന്നും പൊലീസ് വ്യക്തമാക്കി.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നിൽ ഏതെങ്കിലും സംഘടനകൾക്ക് പങ്കുള്ളതായി കരുതുന്നില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് അനാവശ്യ പ്രചാരണങ്ങൾ നടത്തി സംഘർഷാവസ്ഥ സൃഷ്ടിക്കരുത്. ഞായറാഴ്ച രാത്രി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ നടന്നെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു.
പൊലീസ് നടപടിയിൽ തൃപ്തരല്ലെന്നും പ്രവർത്തകന് നീതി ലഭിക്കും വരെ പോരാടുമെന്നും ബജ്‌റംഗ്ദൾ സംസ്ഥാന കൺവീനർ രഘു സക്ലേഷ്പൂർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.