കെ.സി.ആർ അഴിമതിക്കാരനായ രാഷ്ട്രീയക്കാരൻ, എന്തുകൊണ്ട് ഇ.ഡിയെയും സി.ബി.ഐയെയും അയക്കുന്നില്ല -വിജയശാന്തി
text_fieldsന്യൂഡൽഹി: ബി.ജെ.പിയെ സംബന്ധിച്ച് കെ. ചന്ദ്രശേഖർ റാവു അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാണ് എന്നിട്ടും എന്തുകൊണ്ടാണ് ഇ.ഡിയെയും സി.ബി.ഐയെയും അയക്കാത്തതെന്ന് നടി വിജയശാന്തി. കെ.സി.ആറിനെതിരെ നടപടി എടുക്കാത്തത് ബി.ജെ.പിയും ബി.ആർ.എസും ഒന്നിച്ചതു കൊണ്ടാണെന്നും അതുകൊണ്ടാണ് താൻ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയതെന്നും വിജയശാന്തി പറഞ്ഞു.
"ബി.ജെ.പിയുടെ പ്രമുഖ നേതാക്കൾ തെലങ്കാനയിൽ വന്ന് കെ.സി.ആർ അഴിമതിക്കാരനാണെന്ന് പറയുന്നു. എന്നാൽ, അവർ തിരിച്ച് ഡൽഹിയിലേക്ക് മടങ്ങിപ്പോകുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. മറ്റ് പല നേതാക്കൾക്കും റെയ്ഡ് നേരിടേണ്ടി വരുന്നു. എന്നാൽ, ഇ.ഡിയോ സി.ബി.ഐയോ കെ.സി.ആറിനടുത്തേക്ക് വരുന്നില്ല"-വിജയശാന്തി പറഞ്ഞു.
കോൺഗ്രസിൽ ചേർന്ന് തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ, ആസൂത്രണ സമിതിയുടെ ചീഫ് കോർഡിനേറ്റർ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ തന്നെ കെ.സി.ആറിനെ ജയിലിൽ അടക്കണം എന്ന് വിജയശാന്തി ആവശ്യപ്പെട്ടിരുന്നു.
2009ലാണ് വിജയശാന്തി രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ഭാരതീയ രാഷ്ട്ര സമിതിയുടെ ബാനറിൽ മത്സരിച്ച് അതേ വർഷം അവർ മേദക് ലോക്സഭ മണ്ഡലത്തിൽ നിന്നും വിജയിച്ചിരുന്നു. കെ. ചന്ദ്രശേഖര റാവുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസിലേക്ക് മാറി. 2020ലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്കെത്തുന്നത്. ബി.ജെ.പിയിലേക്ക് പോയ പല നേതാക്കളും തിരികെ കോൺഗ്രസിലെത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.