കോഴപ്പണം 10 ലക്ഷത്തിൽ തുടങ്ങി; മൂന്നര കോടിയായി
text_fieldsന്യൂഡൽഹി: കാർത്തി ചിദംബരത്തെ സി.ബി.െഎ കുടുക്കിയത് ടെലിവിഷൻ കമ്പനിയായ െഎ.എൻ.എക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട അഴിമതി ആരോപണം മുൻനിർത്തിയാണ്. 2007ൽ പി. ചിദംബരം ധനമന്ത്രിയായിരുന്നപ്പോഴാണ് സംഭവം.
െഎ.എൻ.എക്സ് മീഡിയ വിദേശ നിക്ഷേപം സ്വീകരിക്കുന്ന കാര്യത്തിൽ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിെൻറ അംഗീകാരം തരപ്പെടുത്തിക്കൊടുക്കുന്നതിന് കാർത്തി ചിദംബരം 10 ലക്ഷം രൂപ വാങ്ങിയെന്നാണ് സി.ബി.െഎ ആരോപണം. എന്നാൽ, കോഴപ്പണത്തിെൻറ കണക്ക് ഇപ്പോൾ അതല്ല. നികുതിവെട്ടിപ്പു സംബന്ധിച്ച കേസ് അട്ടിമറിക്കാൻ െഎ.എൻ.എക്സ് മീഡിയയിൽനിന്ന് വേറെയും പണം കാർത്തി പറ്റിയിട്ടുണ്ടെന്ന് സി.ബി.െഎ ആരോപിക്കുന്നു. മൂന്നര കോടി വരെയാണ് ആരോപണം.
സംഭവം നടന്ന് 10 വർഷത്തിനുശേഷം 2017 മേയിലാണ് സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തത്. കാർത്തി ചിദംബരം, െഎ.എൻ.എക്സ് മീഡിയയുടെ അന്നത്തെ ഡയറക്ടർമാരായ ഇന്ദ്രാണി മുഖർജി, പ്രീതം മുഖർജി, ചെസ് മാനേജ്മെൻറ് സർവിസസ് (കാർത്തി അതിെൻറ ഡയറക്ടറായിരുന്നു) അഡ്വാേൻറജ് സ്ട്രാറ്റജിക് കൺസൽട്ടൻസി ഡയറക്ടർ പത്മ വിശ്വനാഥൻ തുടങ്ങിയവരും പേരറിയാത്ത ചില ധനമന്ത്രാലയ ഉദ്യോഗസ്ഥരുമാണ് പ്രതികൾ. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നിവയാണ് കേസ്. ഇതിനു പുറമെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസുമെടുത്തിട്ടുണ്ട്.
പ്രീതം മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവർ ഇപ്പോൾ തടവുശിക്ഷ അനുഭവിക്കുകയാണ്. ഇന്ദ്രാണിയുടെ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ പ്രമാദമായ കേസിലാണ് ഇരുവരുടെയും ജയിൽശിക്ഷ. പി. ചിദംബരത്തിെൻറ മകനെതിരായ കുറ്റാന്വേഷണം സി.ബി.െഎ കുറെ നാളായി നടത്തിവരുകയാണ്. മകനെ വേട്ടയാടി തന്നെയാണ് ബി.ജെ.പി സർക്കാർ ലക്ഷ്യംവെക്കുന്നതെന്ന് പി. ചിദംബരം സുപ്രീംകോടതിയിൽ പരാതിപ്പെട്ടിരുന്നു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ സമൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി ഒരാഴ്ച മുമ്പ് തള്ളിയിരുന്നു.
വിദേശത്തു പോകുന്നത് അവിടങ്ങളിലെ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാനാണെന്ന് ആരോപിച്ച് നേരേത്ത സി.ബി.െഎ ലുക്കൗട്ട് നോട്ടീസ് ഇറക്കിയതാണ്. വിദേശയാത്ര തടയുന്നതിന് വിമാനത്താവളങ്ങളെ ജാഗ്രതപ്പെടുത്തുന്ന നിർദേശമാണത്. എന്നാൽ, ബിസിനസ് ആവശ്യാർഥം ബ്രിട്ടൻ, ഫ്രാൻസ് യാത്ര നടത്തുന്നതിന് മദ്രാസ് ഹൈകോടതി അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.