കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തി കാർത്തിക് ആര്യൻ; വ്യാജ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി താരം
text_fieldsന്യൂഡൽഹി: വരാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി കമൽനാഥിനെ വേണ്ടി പ്രചാരണം നടത്തുന്ന തരത്തിൽ പുറത്തുവന്ന വീഡിയോക്ക് പിന്നാലെ പ്രതികരണവുമായി നടൻ കാർത്തിക് ആര്യൻ. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന് വേണ്ടി ആര്യൻ അഭിനയിച്ച പരസ്യത്തിന്‍റെ ശബ്ദം മാറ്റി ഡബ് ചെയ്തായിരുന്നു പ്രചരണം. യഥാർത്ഥ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇതാണ് ശരിയായ വീഡിയോയെന്നും മറ്റുള്ളതെല്ലാം വ്യാജമാണെന്നും കാർത്തിക് ആര്യൻ എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു കോൺഗ്രസ് നേതാവ് കമൽനാഥിനെ അനുകൂലിക്കുന്ന തരത്തിലുള്ള കാർത്തിക് ആര്യന്‍റെ വീഡിയോ പ്രചരിച്ചത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്‍റെ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളെയും, ക്രിക്കറ്റ് വേൾഡ് കപ്പിനെയും മറ്റ് സിനിമകളേയും ഓഫറുകളേയും കുറിച്ച് സംസാരിക്കുന്നതാണ് യഥാർത്ഥ വീഡിയോയിലുള്ളത്. സെപ്റ്റംബർ 23 ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാർ ഈ പരസ്യം തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരുന്നു.
ഈ വീഡിയോയിൽ നിന്നും സിനിമകളെ കുറിച്ചും വേൾഡ് കപ്പിനെ കുറിച്ചും സംസാരിക്കുന്ന ഭാഗത്ത് കോൺഗ്രസിന്‍റെയും മധ്യപ്രദേശിൽ പാർട്ടി നടത്താനുദ്ദേശിക്കുന്ന വികസനപദ്ധതികളെ കുറിച്ചും മാറ്റി നൽകിയും ഡബ് ചെയ്തുമായിരുന്നു പ്രചരണം. രാഷ്ട്രീയമായി തന്‍റെ നിലപാട് വ്യക്തമാക്കത്തതിനാൽ കോൺഗ്രസിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
കിയാര അദ്വാനിക്കൊപ്പം അഭിനയിച്ച സത്യപ്രേം കി കഥയാണ് കാർത്തിക് ആര്യന്‍റേതായി പുറത്തുവന്ന അവസാന ചിത്രം. അടുത്ത വർഷം ജൂൺ 14ന് റിലീസാകാനൊരുങ്ങുന്ന കബീർ ഖാൻ സംവിധാനം ചെയ്ത ചന്തു ചാമ്പ്യൻ ആണ് ആര്യന്‍റെ അടുത്ത ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.