കരുണാനിധിയുടെ സംസ്കാരത്തെ ചൊല്ലിയുള്ള തർക്കം: കേസിൽ രാവിലെ വാദം തുടരും
text_fieldsചെന്നൈ: എം. കരുണാനിധിയുടെ മൃതദേഹം ചെന്നൈ കാമരാജർ റോഡിലെ മറിന കടൽക്കരയിലെ അണ്ണാ സമാധിക്ക് സമീപം സംസ്കരിക്കാൻ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ രാവിലെ വാദം തുടരും. നിയമപരമായ സാേങ്കതിക പ്രശ്നങ്ങളുള്ളതിനാൽ ഇവിടെ ഇടം നൽകാനാകില്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കിയതോടെയാണ് ഡി.എം.കെ ഹൈകോടതിയെ സമീപിച്ചത്. വിഷയത്തിൽ മറുപടി പറയാൻ കൂടുതൽ സമയം നൽകണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച രാവിലെ 8ന് മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു.
അതേസമയം, സർക്കാർ നിലപാടിൽ രോഷാകുലരായ ഡി.എം.കെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ‘വേണ്ടും വേണ്ടും മറിനാവിൽ ഇടം വേണ്ടും’ എന്ന മുദ്രാവാക്യങ്ങളുന്നയിച്ച് കാവേരി ആശുപത്രി പരിസരത്ത് നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തി വീശി. പലയിടങ്ങളിൽ രാത്രി വൈകിയും ഡി.എം.കെ പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്.
കരുണാനിധിയുടെ ആരോഗ്യനില മോശമായപ്പോൾ മുതൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു. മറിനബീച്ചിലെ അണ്ണാ സമാധിക്ക് സമീപമാണ് എം.ജി.ആർ സമാധിയും ജയലളിത സമാധിയും. ഇതേസ്ഥലത്താണ് കരുണാനിധിയെ സംസ്കരിക്കണമെന്ന ആവശ്യം ഡി.എം.കെ ഉന്നയിച്ചത്. മറിനബീച്ചിൽ ജയലളിതയുടെ സമാധി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് കേസുകൾ നിലവിൽ മദ്രാസ് ഹൈകോടതിയുടെ പരിഗണനയിലുണ്ട്. അതിനിടെയാണ് ഇതേ ആവശ്യമുന്നയിച്ച് ഡി.എം.കെയും ഹൈകോടതിയെ സമീപിച്ചത്. രാഹുൽ ഗാന്ധി, രജനികാന്ത്, വൈകോ, തിരുമാവളവൻ തുടങ്ങിയ നേതാക്കൾ കരുണാനിധിയൂടെ സംസ്കാരം മറിന കടൽക്കരയിൽ നടത്തുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ചെന്നൈ സർദാർ വല്ലഭായ്പേട്ടൽ റോഡിൽ അണ്ണാ സർവകലാശാലയുെട എതിർവശത്തായി ഗാന്ധിമണ്ഡപം, കാമരാജർ മണ്ഡപം, രാജാജി മണ്ഡപം എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രണ്ട് ഏക്കർ ഭൂമി അനുവദിക്കാമെന്നാണ് സർക്കാറിനുവേണ്ടി ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥൻ അറിയിച്ചത്. ഒരാഴ്ചക്കാലം സർക്കാർ ദുഃഖാചരണം നടത്തും. ഇൗ കാലയളവിൽ ദേശീയപതാക പാതിയിൽ കെട്ടും. സർക്കാർ ചടങ്ങുകൾ റദ്ദാക്കും. അണ്ണാശാലയിലെ രാജാജി ഹാളിൽ പൊതുദർശനത്തിന് അനുമതി നൽകും. കരുണാനിധിയുടെ മൃതദേഹം ദേശീയപതാക പുതപ്പിച്ച് സംസ്ഥാന സർക്കാർ ബഹുമതിയോടെ സംസ്കരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. സംസ്കരിക്കുന്ന ദിവസം പൊതു അവധി നൽകുമെന്നും അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.