കശ്മീരിൽ ബാലെൻറ മരണം നിഷേധിച്ച് പൊലീസ്; ഞെട്ടൽ മാറാതെ കുടുംബം
text_fieldsശ്രീനഗർ: സുരക്ഷാ സേനയിൽനിന്ന് രക്ഷപ്പെട്ടോടുന്നതിനിടെ രണ്ടുമാസം മുമ്പ് ഝലം നദിയിൽ മുങ്ങിമരിച്ച ഉസൈബ് അൽത്താഫ് എന്ന 17 കാരെൻറ മരണ സർട്ടിഫിക്കറ്റിന് കുടുംബം മുട്ടാത്ത വാതിലുകളില്ല. കയറിയിറങ്ങാത്ത ഓഫിസുകളില്ല. ശ്രീനഗർ പരിസരത്തെ പാൽപോറയിൽ രക്തസാക്ഷി ശ്മശാനത്തിൽ അന്ന് നൂറുകണക്കിന് പേരെ സാക്ഷിയാക്കി ഖബറടക്കിയ ബാലൻ മരിച്ചെന്നു രേഖ നൽകേണ്ടവർ എന്തുകൊണ്ടാകും ഒളിച്ചുകളി തുടരുന്നത്? കണ്ണീരുണങ്ങാതെ കാത്തിരിപ്പ് തുടരുന്ന ഉറ്റവർ പക്ഷേ, ശരിക്കും ഞെട്ടിയത് കഴിഞ്ഞദിവസം കശ്മീർ പൊലീസ് സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ട് കേട്ടപ്പോഴാണ്, ഉസൈബ് അൽത്താഫ് മരിച്ചെന്നത് അടിസ്ഥാനരഹിതമാണത്രെ. ജമ്മു-കശ്മീരിെൻറ പ്രേത്യക പദവി റദ്ദാക്കിയ ആഗസ്റ്റ് അഞ്ചിനായിരുന്നു സംഭവം.
കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ സുരക്ഷ ഉദ്യോഗസ്ഥർ പിന്നാലെ എത്തിയതോടെ 10 ലേറെ വരുന്ന സംഘം പുഴയിലേക്ക് എടുത്തുചാടി. ഉസൈബിനും അദ്നാൻ എന്ന കൂട്ടുകാരനും നീന്തൽ വശമില്ലാത്തതിനാൽ മുങ്ങിപ്പോയി. അദ്നാനെ നാട്ടുകാർ രക്ഷപ്പെടുത്തി. 20 മിനിറ്റ് കഴിഞ്ഞ് പുറത്തെടുത്ത് ശ്രീ മഹാരാജ ഹരി സിങ് (എസ്.എം.എച്ച്.എസ്) ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉസൈബ് മരിച്ചെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചു.
വീട്ടിൽനിന്ന് നാലു കിലോമീറ്റർ അകലെ ‘രക്തസാക്ഷി ശ്മശാനത്തിൽ’ നിരവധി പേരുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കൽ. വിഡിയോയിൽ പകർത്തിയത് ഇപ്പോഴുമുണ്ട് നാട്ടിൽ പലരുടെയും വശം. എന്നിട്ടും, ജമ്മു-കശ്മീർ അഡീഷനൽ ഡയറക്ടർ ജനറൽ എ.കെ. ചൗധരി ഒപ്പുവെച്ച് പരമോന്നത കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് അങ്ങനെെയാരു സംഭവംതന്നെ അടിസ്ഥാനരഹിതമാണെന്നും പൊലീസ് നടത്തിയ അന്വേഷണങ്ങളിൽ ഉസൈബ് മരിച്ചെന്നു തെളിഞ്ഞില്ലെന്നും പറയുന്നത്.
പൊലീസ് വാദത്തിൽ ഞെട്ടൽ മാറാതെ നിരവധി േപരുണ്ട് നാട്ടിൽ. മരിച്ചതിനു പിറ്റേന്ന് മുതൽ ആശുപത്രിയിലും പരിസരത്തെ പൊലീസ് സ്റ്റേഷനിലും ബന്ധുക്കൾ കയറിയിറങ്ങുന്നത് തുടരുകയാണ്. പൊലീസ് പ്രാഥമിക അന്വേഷണ വിവര റിപ്പോർട്ടില്ലാതെ മരണ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. പരാതിയുമായി സഫ കദൽ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ അവർ പരിപോറ സ്റ്റേഷനിലേക്ക് വിട്ടു. അവർ പറയുന്നത് അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്നാണ്. ഇനിയാരു നൽകും റിപ്പോർട്ട് എന്നതിന് കുടുംബത്തിന് ഉത്തരമൊന്നുമില്ല. സുരക്ഷ ഉദ്യോഗസ്ഥർ പിന്തുടർന്ന് വെള്ളത്തിൽ മുങ്ങിമരിച്ചെന്നുവന്നാലുള്ള പ്രക്ഷോഭം ഭയന്നാകാം റിപ്പോർട്ട് നൽകാത്തതെന്നാണ് നാട്ടുകാർ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.