കശ്മീർ ഏറ്റുമുട്ടൽ: മൂന്നാമത്തെ മൃതദേഹവും വിട്ടുനൽകിയില്ലെങ്കിൽ പ്രക്ഷോഭമെന്ന് നാട്ടുകാർ
text_fieldsജമ്മു: ഹൈദർപോറയിൽ സുരക്ഷ സൈനികരുടെ വെടിയേറ്റു മരിച്ച അമീർ മഗ്രെ എന്ന യുവാവിെൻറ മൃതദേഹം കൂടി വിട്ടുനൽകിയില്ലെങ്കിൽ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പുമായി നാട്ടുകാർ. ഹൈദർപോറ വെടിവെപ്പിൽ കഴിഞ്ഞദിവസം മജിസ്ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ച ലഫ്. ഗവർണർ മനോജ് സിൻഹ രണ്ടു സിവിലിയന്മാരുടെ മൃതദേഹം കഴിഞ്ഞദിവസം അധികൃതർക്ക് വിട്ടുനൽകിയിരുന്നു.
വ്യവസായികളായ മുഹമ്മദ് അൽതാഫ് ഭട്ട്, ഡോ. മുദ്ദസിർ ഗുൽ എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞദിവസം കുടുംബങ്ങൾക്ക് കൈമാറിയത്. ഇതോടെ മുദ്ദസിർ ഗുല്ലിെൻറ ഒാഫിസിലെ ജീവനക്കാരൻ അമീർ മഗ്രെയുടെ മൃതദേഹവും വിട്ടുനൽകണമെന്നാവശ്യപ്പെട്ട് വിവിധ കോണുകളിൽനിന്ന് സമ്മർദം ശക്തമാണ്. രാഷ്ട്രീയ കക്ഷികളും വിഘടനവാദി നേതാക്കളും ഇതേ ആവശ്യവുമായി രംഗത്തുണ്ട്. മൃതദേഹം വിട്ടുനൽകിയില്ലെങ്കിൽ പ്രക്ഷോഭത്തിനിറങ്ങുമെന്ന് റംബാൻ ജില്ല വികസന കൗൺസിൽ ചെയർപേഴ്സൻ ഷംഷാദ് ഷാൻ പറഞ്ഞു.
അമീർ മഗ്രെയുടെ മൃതദേഹത്തിൽ അന്ത്യകർമങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ഗവർണർ വൈകാതെ അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച വൈകീട്ട് ശ്രീനഗറിലെ വാണിജ്യകേന്ദ്രത്തിൽ സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ തീവ്രവാദവിരുദ്ധ നടപടിക്കിടെയാണ് വ്യവസായികളായ മുഹമ്മദ് അൽതാഫ് ഭട്ട്, മുദ്ദസിർ ഗുൽ, ഗുല്ലിെൻറ ഒാഫിസിലെ ജീവനക്കാരൻ അമീർ മഗ്രെ എന്നിവരും തീവ്രവാദിയെന്നു കരുതുന്നയാളും കൊല്ലപ്പെടുന്നത്.
ക്രമസമാധാനപ്രശ്നം ഉന്നയിച്ച് മൂവരുടെയും മൃതദേഹം പൊലീസ് രണ്ടുദിവസം വിട്ടുെകാടുത്തിരുന്നില്ല. സിവിലിയന്മാരുടെ മരണം വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തിയ സാഹചര്യത്തിലാണ് കശ്മീർ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചത്. അമീർ മഗ്രെ തീവ്രവാദിയാണെന്നാണ് പൊലീസ് ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.