കശ്മീരിൽ ദേശവിരുദ്ധത ആരോപിച്ച് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു
text_fieldsശ്രീനഗർ: ദേശവിരുദ്ധ ഉള്ളടക്കം പങ്കുവെച്ചെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകനെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. 'ദ കശ്മീർ വാല' ന്യൂസ് പോർട്ടലിന്‍റെ എഡിറ്റർ ഫഹദ് ഷാ ആണ് അറസ്റ്റിലായത്. രാജ്യത്തോട് കൂറ് കാട്ടാത്തതും അന്വേഷണ ഏജൻസികളുടെ പ്രതിച്ഛായ തകർക്കുന്നതുമായ ഉള്ളടക്കമാണ് ഫഹദ് ഷാ പങ്കുവെച്ചതെന്ന് പൊലീസ് പറയുന്നു.
ജനങ്ങളിൽ ഭയം ജനിപ്പിക്കാനും പ്രകോപിപ്പിക്കാനും അതുവഴി ക്രമസമാധാനം തകർക്കാനും ലക്ഷ്യമിട്ടുള്ള ദേശവിരുദ്ധ പോസ്റ്റുകളും ചിത്രങ്ങളും വിഡിയോകളും ചില ഫേസ്ബുക്ക് ഉപയോക്താക്കളും വാർത്താ പോർട്ടലുകളും പ്രചരിപ്പിക്കുന്നുണ്ടെന്ന് പുൽവാമ ജില്ല പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇതേത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഫഹദ് ഷാ അറസ്റ്റിലായതെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഫെബ്രുവരി ഒന്ന് ഫഹദ് ഷായെ പൊലീസ് ചോദ്യംചെയ്യലിനായി വിളിപ്പിച്ചിരുന്നു. വെള്ളിയാഴ്ച മൊഴി രേഖപ്പെടുത്താനുണ്ടെന്ന് അറിയിച്ച് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
തീവ്രവാദ പ്രവർത്തനം നടത്തിയെന്നാരോപിച്ച് രണ്ടാഴ്ച മുമ്പ് സജാദ് ഗുൽ എന്ന മാധ്യമപ്രവർത്തകനെ കശ്മീർ പൊലീസ് പൊതുസുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദ വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് വ്യാജ ട്വീറ്റുകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നതായിരുന്നു ഇയാൾക്കെതിരായ കുറ്റം. സജാദ് ഗുല്ലിന്‍റെ അറസ്റ്റ് അന്യായമാണെന്ന് കാട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയയാളാണ് ഇപ്പോൾ അറസ്റ്റിലായ ഫഹദ് ഷാ.
മാധ്യമപ്രവർത്തകന്‍റെ അറസ്റ്റിൽ രൂക്ഷമായ വിമർശനവുമായി മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രംഗത്തെത്തി. 'സത്യത്തിനുവേണ്ടി നിലകൊള്ളുന്നത് ദേശവിരുദ്ധമായി കണക്കാക്കപ്പെടുകയാണ്. അസഹിഷ്ണുതയും സ്വേച്ഛാധിപത്യവും നിറഞ്ഞ ഒരു സർക്കാറിനെ തുറന്നുകാട്ടുന്നതും ദേശവിരുദ്ധതയായി മാറിയിരിക്കുന്നു. ഭരണകൂടത്തിന് അസ്വീകാര്യമായ യാഥാർഥ്യങ്ങളെയാണ് ഫഹദ് പത്രപ്രവർത്തനത്തിലൂടെ തുറന്നുകാട്ടിയത്. എത്ര ഫഹദുമാരെ നിങ്ങൾക്ക് അറസ്റ്റ് ചെയ്യാനാകും?' മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.