കശ്മീർ സുരക്ഷയിൽ: ടൂറിസ്റ്റുകളും തീർഥാടകരും താഴ്വര വിടുന്നു
text_fieldsശ്രീനഗർ: സുരക്ഷ കാരണങ്ങളാൽ സംസ്ഥാനത്തെ സന്ദർശനം വെട്ടിച്ചുരുക്കാനുള്ള ജമ്മു-കശ്മീർ അധികൃതരുടെ ഉപദേശം മാനിച്ച് ടൂറിസ്റ്റുകളും അമർനാഥ് തീർഥാടകരും കൂട്ടത്തോടെ താഴ്വരയിൽനിന്ന് മടങ്ങാൻ തുടങ്ങി. ഇതോടെ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യൻ േവ്യാമസേനയുടെ വിമാനങ്ങൾ വരെ സഞ്ചാരികളെ തിരിച്ചയക്കാൻ ഉപയോഗപ്പെടുത്തുന്നുണ്ട്.
മുന്നറിയിപ്പ് വന്ന ഉടൻ ജമ്മു-കശ്മീർ ടൂറിസം വകുപ്പ് മേഖലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽനിന്ന് സഞ്ചാരികളെ ശ്രീനഗറിലേക്ക് തിരിച്ചുകൊണ്ടുവരാനായി അർധരാത്രിയിലടക്കം ബസ് സർവിസുകൾ നടത്തിയിരുന്നു. വെള്ളിയാഴ്ച താഴ്വരയിൽ 20,000ത്തിലധികം ടൂറിസ്റ്റുകളുണ്ടായിരുന്നതായി കശ്മീർ ടൂറിസം ഡയറക്ടർ നിസാർ വാനി പറഞ്ഞു. വെള്ളിയാഴ്ചക്കകംതന്നെ മിക്കവരും ശ്രീനഗറിൽ തിരിച്ചെത്തി. പലരും താഴ്വര വിട്ടുപോവുകയും ചെയ്തു. ചിലർ മാത്രം ഇപ്പോഴും കശ്മീരിലുണ്ട്. പഹൽഗാം മേഖലയിൽ ട്രക്കിങ്ങിന് പോയ ടൂറിസ്റ്റുകളിൽ ചിലർ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും വന്നാലുടൻ അവേരാട് കശ്മീർ വിട്ടുപോവാൻ ആവശ്യപ്പെടുമെന്നും വാനി പറഞ്ഞു.
ചരിത്രത്തിലാദ്യമായാണ് അമർനാഥ് തീർഥാടകരോട് സംസ്ഥാനം വിടാൻ ആവശ്യപ്പെട്ടത്. ഇത് താഴ്വരയിലെത്തിയ സഞ്ചാരികളേയും തീർഥാടകരെയും പരിഭ്രാന്തിയിലാക്കി. അമർനാഥിലേക്ക് ഹെലികോപ്റ്റർ ടിക്കറ്റ് എടുത്തവരടക്കം യാത്ര മതിയാക്കി തിരിച്ചുപോയി. ശനിയാഴ്ച രാവിലെ വിമാനത്താവളത്തിൽ തിരക്കേറെയായിരുന്നു. ടിക്കറ്റെടുക്കാത്തവരുമുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. മുന്നൂറോളം പേർ എയർ ഫോഴ്സ് വിമാനങ്ങളിലാണ് മടങ്ങിയത്.
കശ്മീരിെൻറ പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയ സന്ദർശകരും വ്യാപാരികളും പെട്ടെന്നുള്ള മുന്നറിയിപ്പിൽ അസന്തുഷ്ടരായിരുന്നു. ‘‘കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ കശ്മീർ സന്ദർശിക്കുന്നു. ഇതുപോലെ നിരുത്തരവാദപരമായ സമീപനം അധികൃതരിൽനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.’’ -ഡൽഹിയിൽനിന്നുള്ള സഞ്ചാരിയായ അനിൽ വർമ പറഞ്ഞു. ഹരിയാന സ്വദേശിയായ രമേഷ് കുമാറും ഇതേ വികാരം പങ്കുവെക്കുന്നു. വ്യാപാര-ടൂറിസം മേഖലക്ക് ഇത് കനത്ത തിരിച്ചടിയാണെന്നാണ് കശ്മീർ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡൻറ് ഷെയ്ഖ് ആഷിഖിെൻറ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.