കശ്മീരില്‍ പള്ളികളുടെയും മദ്റസകളുടെയും മാധ്യമങ്ങളുടെയും നിയന്ത്രണമേറ്റെടുക്കണം
text_fieldsന്യൂഡല്‍ഹി: കശ്മീരിലെ പള്ളികളുടെയും മദ്റസകളുടെയും പത്ര- ടി.വി മാധ്യമങ്ങളുടെയും നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗത്തെ ശക്തിപ്പെടുത്തുക, ഹുര്‍റിയത്തിലെ മിതവാദികളുമായുള്ള സമ്പര്‍ക്കത്തിലാകുക, രാഷ്ട്രീയ അന്തരീക്ഷം മാറ്റുക എന്നീ നിര്‍ദേശങ്ങളും കശ്മീരിലെ പ്രശ്നപരിഹാരത്തിനായുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ടിലുണ്ട്.
ദീര്‍ഘകാലത്തേക്കുള്ള സര്‍ക്കാര്‍ നടപടികള്‍ക്കായുള്ള റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് അയച്ചുകൊടുത്തു. മൂന്നു ദശകമായി താഴ്വരയില്‍ തുടരുന്ന സംഘര്‍ഷം വിശദമായി ചര്‍ച്ച ചെയ്യുന്ന റിപ്പോര്‍ട്ട് 2014ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചവരെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്ത് താഴ്വരയില്‍ രാഷ്ട്രീയമാറ്റത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പറയുന്നു.
കേന്ദ്ര സര്‍ക്കാറിന്‍െറ ധനകാര്യ പദ്ധതികള്‍ ഈ പാര്‍ട്ടികള്‍ വഴി നടപ്പാക്കി ജനങ്ങളെ അവരുമായി കൂടുതല്‍ അടുപ്പിക്കണം. വഹാബിസം താഴ്വരയില്‍ വ്യാപിക്കുന്നത് തടയാനും കൂടുതല്‍ ജനങ്ങള്‍ വിഘടനവാദികളുമായി ബന്ധപ്പെടുന്നത് ഒഴിവാക്കാനും ശിയ, ബക്കര്‍വാല്‍, പഹാഡി മുസ്ലിം വിഭാഗങ്ങള്‍ക്ക് പ്രത്യേക വികസന പദ്ധതികള്‍ നടപ്പാക്കണം. പള്ളികളിലുള്ള മൗലവിമാരെ സഹകരിപ്പിച്ചാല്‍ സംഘര്‍ഷം ഇല്ലാതാക്കാന്‍ അതേറെ ഉപകരിക്കും. വാര്‍ത്തവിതരണ
പ്രക്ഷേപണ മന്ത്രാലയത്തിന്‍െറ ജമ്മു- കശ്മീര്‍ യൂനിറ്റ് നിലവില്‍ ദുര്‍ബലമാണെന്നും അത് നവീകരിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
പത്ര-ചാനലുകളെ ഇന്ത്യ അനുകൂലമെന്നും ഇന്ത്യ വിരുദ്ധമെന്നും തരംതിരിക്കുന്ന റിപ്പോര്‍ട്ട് ഇവയുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കണമെന്നും നിര്‍ദേശിച്ചു. കശ്മീരില്‍ പത്ര-ചാനല്‍ സ്ഥാപനങ്ങള്‍ ഏതെങ്കിലും തരത്തില്‍ ഇന്ത്യ വിരുദ്ധ വികാരം സൃഷ്ടിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും നിഷേധാത്മക വാര്‍ത്തകള്‍ തടയുകയും വേണം. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് വിഘടനവാദികളെ നേരിടണം. അതേസമയം, അവരിലെ മിതവാദികളുമായി സഹകരിക്കണം. കല്ളേറുകാരെ പൊതുസുരക്ഷാ നിയമത്തിന്‍ കീഴില്‍ അറസ്റ്റ് ചെയ്യണം. ആദ്യമായി, കല്ളെറിയുന്ന ബാലന്മാരെ പാര്‍പ്പിക്കാനായി പ്രത്യേകം ബാലഭവനങ്ങളുണ്ടാക്കണം. അവര്‍ കൂടുതല്‍ തീവ്രവാദി ഗ്രൂപ്പുകളുമായി അടുക്കാതിരിക്കാന്‍ ഇത് അനിവാര്യമാണ്.
കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പദ്ധതികളിലൂടെ സാമ്പത്തിക വികസനത്തിനും തൊഴിലവസരങ്ങളുണ്ടാക്കാനും കഴിയും തരത്തില്‍ നിയമനിര്‍മാണം നടത്തണം. വലിയ കമ്പനികള്‍ താഴ്വരയില്‍ തുക ചെലവിടാന്‍ ഇത് സഹായകമാകും. അതിര്‍ത്തികടന്നുള്ള തീവ്രവാദം തടയാന്‍ സ്പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പിനെ നവീകരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.