കശ്മീർ കൊലപാതകങ്ങൾ: കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കി പ്രതിഷേധം
text_fieldsന്യൂഡൽഹി: കശ്മീരിൽ ന്യൂനപക്ഷ സമുദായങ്ങളിലുള്ളവരെ തുടർച്ചയായി ഭീകരർ ലക്ഷ്യംവെക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കി പ്രതിഷേധം.
കശ്മീരി പണ്ഡിറ്റുകളുടെ കശ്മീരിലെ പ്രതിഷേധം തുടരുന്നതിനിടെ ഞായറാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ജൻ ആക്രോശ് റാലി നടന്നു. കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷയിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. ഭീകരാക്രമണങ്ങളെ തുടർന്ന് കശ്മീരി പണ്ഡിറ്റുകൾ കശ്മീർ താഴ്വരയിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. കൊലപാതക പരമ്പര അവസാനിപ്പിക്കാൻ കേന്ദ്രം പ്രത്യേക കർമപദ്ധതി നടപ്പാക്കണം -കെജ്രിവാൾ ആവശ്യപ്പെട്ടു.
കോൺഗ്രസും എൻ.സി.പിയും ശിവസേനയും കേന്ദ്ര സർക്കാറിനെതിരെ രംഗത്തെത്തി. കശ്മീരി പണ്ഡിറ്റുകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ തീർത്തും പരാജയപ്പെട്ടെന്ന് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി എം.പി ആരോപിച്ചു. കശ്മീരിൽ കൊലപാതകങ്ങൾ നടക്കുമ്പോഴും കശ്മീർ ഫയൽസ്, സാമ്രാട്ട് പൃഥ്വിരാജ് തുടങ്ങിയ സിനിമകൾ പ്രോത്സാഹിപ്പിക്കുന്ന തിരക്കിലാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.
താജ്മഹലിലും ഗ്യാൻവാപി മസ്ജിദിലും ശിവലിംഗം തിരയാനുള്ള തിരക്കിലാണ് ബി.ജെ.പി നേതാക്കളെന്നും അദ്ദേഹം ആരോപിച്ചു. കശ്മീരി പണ്ഡിറ്റുകളുടെയും ഹിന്ദുക്കളുടെയും ജീവൻ രക്ഷിക്കുന്നതിൽ സർക്കാർ പരാജപ്പെട്ടെന്ന് എൻ.സി.പി വക്താവ് മഹേഷ് തപാസെ ആരോപിച്ചു. ഇതിനിടെ, കശ്മീർ താഴ്വരയിൽനിന്ന് മാറ്റണമെന്നാവശ്യപ്പെടുന്ന കശ്മീരി പണ്ഡിറ്റുകളോട് അവിടെ തുടരാൻ ബി.ജെ.പി ആവശ്യപ്പെട്ടു. കൊലപാതകങ്ങൾക്ക് പിന്നിലെ പാകിസ്താന്‍റെ ഗൂഢാലോചന തകർക്കുമെന്നും ബി.ജെ.പി നേതാവ് രവീന്ദർ റൈന പറഞ്ഞു.
കൊലപാതകങ്ങൾ സംവിധാനത്തിന്റെ മാത്രമല്ല, പൊതുജനങ്ങളുടെയും പരാജയമാണെന്ന് ജമ്മു-കശ്മീർ അപ്നി പാർട്ടി നേതാവ് അൽതാഫ് ബുഖാരി പ്രതികരിച്ചു. കൊലപാതകം തടയുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടാൽ അത് വലിയ നാണക്കേടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലേക്ക് പുതുതായി വന്നവരെ സ്വാഗതം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.