നിയന്ത്രണങ്ങൾ കുറഞ്ഞിട്ടും കശ്മീരിൽ ജനജീവിതം സാധാരണ നിലയിലായില്ല
text_fieldsശ്രീനഗർ: ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി 28 ദിവസം പിന്നിട്ടിട്ടും കശ്മീരിൽ ജനജീവിതം സാധാരണ നിലയിലായില്ല. ഞായറാഴ്ച 11 പൊലീസ് സ്റ്റേഷൻ പരിധികളിൽകൂടി നിയന്ത്രണം പിൻവലിച്ചതായി അധികൃതർ അറിയിച്ചു. ഇതുപ്രകാരം താഴ്വരയിലെ 105 പൊലീസ് സ്റ്റേഷനുകളിൽ 82 എണ്ണത്തിൽ നിയന്ത്രണം ഒഴിവാക്കിയതായി അവർ പറഞ്ഞു. അതേസമയം, താഴ്വരയിലെ കടകൾ മിക്കതും അടഞ്ഞുകിടക്കുകയാണ്. പൊതുവാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ചില സ്വകാര്യ വാഹനങ്ങളും അപൂർവം ചിലയിടങ്ങളിൽ കടകളും തുറന്നിരുന്നതായി അധികൃതർ അറിയിച്ചു.
ആഗസ്റ്റ് അഞ്ചിന് വിേച്ഛദിച്ച മൊബൈൽ ഫോൺ, ഇൻറർനെറ്റ് ബന്ധം ഇതുവരേയും പുനഃസ്ഥാപിച്ചിട്ടില്ല. 29 ടെലിഫോൺ എക്സ്ചേഞ്ചുകളിൽകൂടി ലാൻഡ്ലൈൻ പുനഃസ്ഥാപിച്ചിട്ടുണ്ട്. നേരത്തേ 47 എക്സ്ചേഞ്ചുകളിലും പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ, താഴ്വരയിലെ വ്യാപാര കേന്ദ്രമായ ലാൽ ചൗക്ക്, പ്രസ് എൻക്ലേവ് എന്നിവടങ്ങളിൽ ഇപ്പോഴൂം ഫോൺ ബന്ധം അറ്റുകിടക്കുകയാണ്. താഴ്വരയൊന്നാകെ ശാന്തമാണെന്നും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച താഴ്വരയിലാകെ കടുത്ത ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്.
വെള്ളിയാഴ്ച ജുമുഅക്കു ശേഷം പ്രതിഷേധം സംഘടിപ്പിച്ചേക്കുമെന്ന് കണ്ടായിരുന്നു നടപടി. ആംബുലൻസിനും അടിയന്തിരാവശ്യങ്ങൾക്കും മാത്രമാണ് ഗതാഗതത്തിൽ ഇളവുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെയോടെ മിക്കയിടത്തും നിയന്ത്രണം പിൻവലിച്ചതായി അധികൃതർ അറിയിച്ചു. മിക്കയിടത്തും റോഡിൽ സ്ഥാപിച്ച ബാരിക്കേഡുകൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും സുരക്ഷസേന വിന്യാസം അതുപോലെ നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.