നേതാക്കളെ വീട്ടിൽ തടഞ്ഞ് പി.ഡി.പിയുടെ ആദ്യ യോഗത്തിന് തടയിട്ടു
text_fieldsശ്രീനഗർ: കശ്മീരിൽ 370ാം വകുപ്പ് റദ്ദാക്കി ഒരു വർഷത്തിനുശേഷം ആദ്യമായി നടത്താനിരുന്ന പി.ഡി.പിയുടെ നേതൃയോഗത്തിന് നേതാക്കളെ വീടുകളിൽ തടഞ്ഞ് അധികൃതർ തടയിട്ടു. വ്യാഴാഴ്ച രാവിലെ 11ന് ശ്രീനഗറിലെ പി.ഡി.പി ഓഫിസിൽ മുതിർന്ന നേതാക്കളുടെ യോഗം നടത്താനായിരുന്നു തീരുമാനം. ഇതിനായി പൊലീസ്, സർക്കാർ അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ യോഗത്തിന് അനുമതി നിഷേധിക്കുകയായിരുന്നെന്ന് പി.ഡി.പി ജനറൽ സെക്രട്ടറി ഗുലാം നബി ലോൺ ഹൻജുറ പറഞ്ഞു.
വീട്ടിൽ നിന്നിറങ്ങാനുള്ള ശ്രമം പൊലീസ് തടയുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ ഒട്ടേെറ പി.ഡി.പി നേതാക്കൾ പങ്കുവെച്ചിട്ടുണ്ട്. ഒരു വിഡിയോയിൽ 'വീട്ടിൽനിന്ന് പുറത്തുപോകാൻ അനുവാദമില്ലെന്ന്' പൊലീസുകാരൻ പറയുന്ന ദൃശ്യമുണ്ട്. തന്നെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്ന് ഹൻജുറ പറഞ്ഞു. യോഗത്തിന് അനുമതി തേടിയതായി അവരെ അറിയിച്ചെങ്കിലും താൻ വീട്ടു തടങ്കലിലാണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം അറിയിച്ചു.
പൊതുസുരക്ഷ നിയമപ്രകാരം പാർട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തി ഒരു വർഷത്തിലേറെയായി തടവിൽ കഴിയുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ബി.ജെ.പിയുടെയും പുതുതായി രൂപവത്കരിച്ച ജമ്മു-കശ്മീർ അപ്നി പാർട്ടിയുടെയും പ്രവർത്തനങ്ങൾക്ക് സർക്കാർ വിലക്കേർപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാഷനൽ കോൺഫറൻസിെൻറ രാഷ്്ട്രീയകാര്യ സമിതി യോഗത്തിനും സർക്കാർ നിയന്ത്രണമേർപ്പെടുത്തിയിരുന്നില്ല. എന്തുകൊണ്ടാണ് തങ്ങൾക്കുമാത്രം വിലക്കെന്ന് ഹൻജുറ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.